ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ വോട്ടെടുപ്പ് തുടങ്ങി ആദ്യ രണ്ടര മണിക്കൂറുകൾ പിന്നിട്ടു. 9 മണിവരെയുള്ള പോളിങ്മൊത്തം ശതമാനം 15.36% ആണ്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും 4 ട്രാൻസ്ജെൻഡറുകളും അടക്കം മണ്ഡലത്തിൽ 1,76,417 വോട്ടർമാരാണുള്ളത്. . 182 ബൂത്തുകളിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. രാവിലെ മുതൽ എല്ലാ ബൂത്തുകളിലും നീണ്ട ക്യൂവാണ്.
വാകത്താനത്തെ 163ആം നമ്പർ ബൂത്തിൽ യന്ത്രത്തകരാർ രേഖപ്പെടുത്തിയതിനെ തുടർന്ന് യന്ത്രം മാറ്റിവെച്ചിരുന്നു. പകരം പുതിയ യന്ത്രം വെയക്കുകയും ചെയ്തു. സർക്കാരിനെതിരേയുള്ള വികാരം പ്രതിഫലിക്കുന്ന തെരഞ്ഞെടുപ്പായിരിക്കും ഇതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു. യുഡിഎഫിന് സ്വപ്‌നതുല്യമായ വിജയം കിട്ടുമെന്നും ഉമ്മൻചാണ്ടിയോടുള്ള ജനങ്ങളുടെ സ്‌നേഹവും വിധിയെഴുത്തിൽ ഉണ്ടാകുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം എഴുതി.
ഇടതുപക്ഷത്തിന് ഇത്തവണ തികഞ്ഞ പ്രതീക്ഷയെന്ന് ഇടതുസ്ഥാനാർത്ഥി ജയ്ക്ക്.സി. തോമസ് പറഞ്ഞു. പുതുപ്പള്ളി ഇത്തവണ ഇടതിന് അനുകൂലമായി നിൽക്കുമെന്നും ജെയ്ക്ക് പ്രത്യാശിച്ചു. സ്വന്തം നാടായ മണർകാട്ടെ കണയം കുന്ന് യുപി സ്‌കൂളിൽ രാവിലെ എട്ടു മണിയോടെ ജെയ്ക്ക് വോട്ടു ചെയ്തു. പിതാവിന്റെ കല്ലറയിൽ എത്തിയ ശേഷമാണ് ജെയ്ക്ക് വോട്ടു ചെയ്യാനെത്തിയത്. വികസന സംവാദത്തിൽ നിന്നും യുഡിഎഫ് ഒളിച്ചോടിയെന്നും പുതുപ്പള്ളിയിലെ വികസന മുരടിപ്പ് ഒന്നൊന്നായി ജെയ്ക്ക് എണ്ണിയെണ്ണി പറയുകയും ചെയ്തു.
ജനവിധി എന്തായാലും താൻ നാടിന്റെ ഭാഗമാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനും പ്രതികരിച്ചു.പോളിങ് ബൂത്തിലേക്ക് പോകുന്നതിന് മുൻപായ് മാധ്യമങ്ങളെ കണ്ടപ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഉമ്മൻ ചാണ്ടിയുടെ കല്ലറിയിലും പുതുപ്പള്ളി പള്ളിയിലും പ്രാർത്ഥന നടത്തിയതിന് ശേഷമാണ് ചാണ്ടി ഉമ്മൻ പോളിങ് ബൂത്തിലേക്ക് പുറപ്പെട്ടത്.’മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചാൽ അതാണ് യഥാർത്ഥ ജീവിതം. അതാണ് അപ്പ കാണിച്ചുതന്നത്. ഏതൊരു മകനും അച്ഛനാണ് മാതൃക. അതേ മാതൃക പിന്തുടരാൻ ശ്രമിക്കും. അദ്ദേഹത്തെ പോലയാകാൻ ഞാൻ ശ്രമിക്കും. റിസൾട്ട് എന്തും ആയിക്കോട്ടെ, ഞാനീ നാടിന്റെ ഭാഗമാണ്’- ചാണ്ടി ഉമ്മൻ പറഞ്ഞു.