പ്രവാചക പിറവിയുടെ പുണ്യസ്മരണകൾ ഉയർത്തി ഇന്ന് വിശ്വാസികൾ നബിദിനം ആഘോഷിക്കും. ഹിജ്റ വർഷപ്രകാരം റബ്ബിഉൽ അവ്വൽ മാസം പന്ത്രണ്ടിനാണ് പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം. വിപുലമായ ആഘോഷത്തോടെയാണ് വിശ്വാസികൾ നബിദിനത്തെ വരവേൽക്കുന്നത്. പള്ളികളും മദ്രസകളും കേന്ദ്രീകരിച്ചാണ് പ്രധാനമായും ആഘോഷങ്ങൾ സംഘടിപ്പിക്കപ്പെടുന്നത്.
പ്രവാചകന്റെ ചരിത്രവും ജീവിതവും നെഞ്ചേറ്റുന്ന വിശ്വാസികൾ പുണ്യസ്മരണകളോടെ ഇന്ന് പ്രാർത്ഥനാനിരതരായി ആത്മീയ സംതൃപ്തി നേടും. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദൂതനായി കടന്നുവന്ന മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ ജീവിതത്തിൽ പകർത്താനുള്ള പ്രതിജ്ഞയെടുത്താണ് ഓരോ വിശ്വാസികളും നബിദിനം ആഘോഷിക്കുന്നത്.