2023 മുതൽ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം നിരോധിക്കാൻ അജ്മാൻ പദ്ധതിയിടുന്നു. അജ്മാൻ മുനിസിപ്പാലിറ്റിയും ആസൂത്രണ വകുപ്പും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.
ബദല്‍ സംവിധാനം കണ്ടെത്താന്‍ കൂടുതല്‍ പഠനം നടത്തുകയാണെന്നും ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും പബ്ലിക് ഹെൽത്ത് ആന്റ് എൻവയോൺമെന്റ് സെക്ടർ എക്‌സിക്യൂട്ടീവ് ഡയറക്ടർ എങ് ഖാലിദ് മൊയീൻ അൽ ഹൊസാനി പറഞ്ഞു.
അതേസമയം എല്ലാ വർഷവും മെയ് 16 ന് പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം വിലക്കിക്കൊണ്ട് നടപ്പാക്കുന്ന ബോധവത്കരണ ക്യാമ്പയില്‍ വന്‍ വിജയമാണെന്നും അധികൃതര്‍ വിലയിരുത്തി. ഇക്കൊല്ലം 300 പരിശോധനകൾ നടത്തിയതില്‍ രണ്ടേകാല്‍ ലക്ഷത്തോളം ബാഗുകളുടെ ഉപയോഗം കുറയ്ക്കാനായി. 39,500 കിലോ പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാനായെന്നും അല്‍ ഹൊസാനി സൂചിപ്പിച്ചു.
ജൂണ്‍ ഒന്ന് മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് അബുദാബിയും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുഎഇയിലെ ഇതര എമിറേറ്റുകളും പ്ലാസ്റ്റിക് ഉപയോഗത്തിന് നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്.