കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അജ്മാൻ പബ്ലിക് ട്രാൻസ്പോർട്ടേഷൻ അതോറിറ്റി സ്മാര്‍ട്ട് സംവിധാനം ഏര്‍പ്പെടുത്തി. എമിറേറ്റിലെ സ്കൂൾ ബസുകളിൽ ഡ്രൈവർമാരുടെ പെരുമാറ്റം നിരീക്ഷിക്കാനാണ് തീരുമാനം. സ്കൂൾ ബസ് ഡ്രൈവർമാർക്കിടയിൽ അവബോധം വളർത്തുന്നതിനും വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനും വേണ്ടിയാണ് സ്മാര്‍ട്ട സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് പബ്ലിക് ട്രാൻസ്പോർട്ട് ആൻഡ് ലൈസൻസിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ സമി അലി ജലാഫ് പറഞ്ഞു.
സ്കൂൾ ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികളുടെ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള എപിടിഎയുടെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമാണ് നീക്കം. അപകടകരമായ ഡ്രൈവിംഗ് രീതികൾക്കെതിരെ ഡ്രൈവർമാർക്ക് സ്മാര്‍ട്ട് സംവിധാനത്തിലൂടെ മുന്നറിയിപ്പും ലഭ്യമാകും. അപകടമുണ്ടാക്കുന്ന ഡ്രൈവിംഗ് ശീലങ്ങൾ, അപകട വളവുകൾ, ശക്തമായ ബ്രേക്കിംഗ് എന്നിവ കണ്ടെത്തുമ്പോൾ ഒരു സ്ക്രീൻ വഴി ബസ് ഡ്രൈവർമാരെ സ്വയമേവ അലേർട്ട് ചെയ്യുക എന്നതാണ് സിസ്റ്റത്തിന്റെ സവിശേഷത.
അജ്മാനിലെ റോഡുകളിൽ സുരക്ഷിതമായ ഡ്രൈവിംഗ് നിലവാരം ഉയർത്തുന്നതിനും സ്കൂൾ ബസുകളുടെ സുരക്ഷയും സുരക്ഷയും വർദ്ധിപ്പിക്കുന്നതിനും പുതിയ സംവിധാനം സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. പരീക്ഷണ ഘട്ടത്തിൽ 10 സ്കൂൾ ബസുകളിലാണ് സ്മാര്‍ട്ട് സംവിധാനം സ്ഥാപിച്ചിട്ടുളളത്. ഡ്രൈവിംഗ് പെർമിറ്റിനുള്ള വ്യവസ്ഥയായി സ്കൂൾ ബസ് ഡ്രൈവർമാർക്ക് APTA മനഃശാസ്ത്ര പരിശോധന നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.