പകർപ്പവകാശവുമായി ബന്ധപ്പെട്ട വിഷയത്തിൽ ധനുഷിന് നയൻതാരയുടെ മറുപടി. ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് നയൻതാരയുടെ അഭിഭാഷകൻ പ്രതികരവുമായി രംഗത്തെത്തിയത്. ഈ കേസിൽ പകർപ്പവകാശലംഘനമുണ്ടായിട്ടില്ലെന്നും ദൃശ്യങ്ങൾ സിനിമയുടെ മേക്കിങ് വീഡിയോയിൽ നിന്നുള്ളതല്ലെന്നുമാണ് അഭിഭാഷകൻ മറുപടി നൽകിയത്.
സ്വകാര്യലൈബ്രറിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് വക്കീൽ നൽകിയ മറുപടിയിൽ പറയുന്നുണ്ട്. മൂന്ന് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ ഉപയോഗിച്ചതിന് ഇത്ര വലിയ തുക ആവശ്യപ്പെടുന്നത് ചൂണ്ടിക്കാട്ടി സാമൂഹികമാധ്യമത്തിലൂടെ പുറത്തുവിട്ട കത്തിൽ നയൻതാര ധനുഷിനെ രൂക്ഷമായി വിമർശിച്ചിരുന്നു. നോട്ടീസ് വകവെക്കാതെ ഡോക്യുമെൻ്ററിയിൽ വീഡിയോ ഉപയോഗിച്ചതോടെയാണ് ധനുഷ് കോടതിയെ സമീപിച്ചത്.
നയൻതാര; ബിയോണ്ട് ദ ഫെയറി ടെയിൽ എന്ന ഡോക്യുമെൻ്ററിയിൽ ‘നാനും റൗഡി താൻ’ എന്ന സിനിമയുടെ ചിത്രീകരണ വീഡിയോ ഉപയോഗിച്ചുവെന്ന് ആരോപിച്ചായിരുന്നു നയൻതാരയ്ക്കും ഭർത്താവും സംവിധായകനുമായ വിഗ്നേശ് ശിവനും എതിരേ ധനുഷിൻ്റെ ഉടമസ്ഥതയിലുള്ള നിർമ്മാണക്കമ്പനിയായ വണ്ടർബാർ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. നാനും റൗഡി താൻ സിനിമയുടെ നിർമാതാവ് എന്ന നിലയിലായിരുന്നു ധനുഷിൻ്റെ ഹർജി.