സർവ്വീസിന്റെ തുടക്കം തന്നെ പിഴച്ച് നവകേരള ബസ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭ കേരളം മുഴുവൻ സഞ്ചരിച്ച നവകേരള ബസ് പൊതുജനങ്ങൾക്കായി സർവീസ് ആരംഭിച്ചപ്പോൾ തന്നെ കല്ലുകടിയായിരുന്നു ഫലം. ആദ്യ യാത്രയിൽ ബസിന്റെ വാതിലിന് തകരാർ സംഭവിച്ചെങ്കിലും താൽക്കാലികമായി അത് പരിഹരിച്ച് യാത്ര തുടരുകയായിരുന്നു.
കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്കുള്ള ഗരുഡപ്രീമിയം സർവീസ് പുലർച്ചെ നാലരയോടെയാണ് ആരംഭിച്ചത്. യാത്ര തുടങ്ങി അൽപ്പസമയത്തിനകം ബസിന്റെ ഹൈഡ്രോളിക് ഡോർ കേടായി. ബസിൻ്റെ വാതിൽ ഇടയ്ക്കിടെ തനിയെ തുറന്നുപോകുകയായിരുന്നു. ശക്തമായി കാറ്റ് അടിക്കാൻ തുടങ്ങിയതോടെ കാരന്തൂർ എത്തിയപ്പോൾ ബസ് നിർത്തുകയും യാത്രക്കാരുടെ നേതൃത്വത്തിൽ ബാഗിൻ്റെ വള്ളി ഉപയോഗിച്ച് വാതിൽ കെട്ടിവെയ്ക്കുകയും യാത്ര തുടരുകയുമായിരുന്നു. പിന്നീട് ബത്തേരി ഡിപ്പോയിൽ എത്തിയാണ് വാതിലിന്റെ തകരാർ പരിഹരിച്ചത്.
അതേസമയം, ഗുണ്ടൽപേട്ടിൽ ഭക്ഷണം കഴിക്കാൻ നിർത്തിയപ്പോൾ യാത്രക്കാരെ പിൻവാതിലിലൂടെയാണ് പുറത്തിറക്കിയത്. തകരാർ പരിഹരിച്ചെങ്കിലും വാതിൽ തുറന്നാൽ വീണ്ടും തകരാറാകുമോ എന്ന പേടിയായിരുന്നു ജീവനക്കാർക്കെന്നാണ് റിപ്പോർട്ട്. കോഴിക്കോട് – ബംഗളൂരു റൂട്ടിലാണ് നവകേരള ബസ് സർവീസ് നടത്തുന്നത്. പുലർച്ചെ നാല് മണിക്ക് കോഴിക്കോട് നിന്ന് പുറപ്പെട്ട് 11.30-ന് ബസ് ബംഗളൂരുവിലെത്തും. തുടർന്ന് ഉച്ചയ്ക്ക് 2.30-ന് ബംഗളൂരുവിൽ നിന്ന് യാത്രയാരംഭിച്ച് രാത്രി 10 മണിക്ക് കോഴിക്കോട്ട് തിരിച്ചെത്തുന്ന രീതിയിലാണ് ബസിന്റെ സമയം ക്രമീകരിച്ചിരിക്കുന്നത്.
താമരശേരി, കല്പറ്റ, സുൽത്താൻ ബത്തേരി, മൈസൂരു വഴിയാണ് ബസ് സർവീസ് നടത്തുന്നത്. 1,171 രൂപയാണ് ടിക്കറ്റ് നിരക്ക്. എസി ബസുകൾ ക്കുള്ള അഞ്ച് ശതമാനം ആഡംബര നികുതിയും യാത്രക്കാർ നൽകണം.