യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ വിജയം. ഈ തിരഞ്ഞെടുപ്പ് ജനങ്ങൾക്ക് നൽകിയത് നല്ലൊരു പാഠമാണ്. ഒരുമിച്ച് ഒരു ടീമായി പ്രവർത്തിച്ചാൽ വിജയമുറപ്പാണെന്ന ആ പാഠമനുസരിച്ച് ഇനി പ്രവർത്തിക്കും. ഏൽപ്പിച്ച തിരഞ്ഞെടുപ്പ് ആത്മാർഥമായി ചെയ്ത എല്ലാവർക്കും നന്ദിയെന്നും വി.ഡി സതീശൻ പറഞ്ഞു.
ഇതിന് മുമ്പ് നടന്ന ഉപതിരഞ്ഞെടുപ്പുകളിലും യുഡിഎഫിന് ഇരട്ടിയിലധികം വോട്ടുകളാണ് ലഭിച്ചത്. എന്നിട്ടും ഭരണവിരുദ്ധ വികാരമില്ല എന്നാണ് സിപിഎം വിശ്വസിക്കുന്നത്. അങ്ങനെ തന്നെ അവർ വിശ്വസിക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ബിജെപിയെ ദുർബലപ്പെടുത്താനല്ല കോൺഗ്രസിനെയും യുഡിഎഫിനെയും പരാജയപ്പെടുത്താനാണ് എൽഡിഎഫ് ശ്രമിച്ചത്. പാലക്കാട് ബിജെപിയെ ജയിപ്പിക്കാനാണ് സിപിഎം ശ്രമിച്ചത്.
ഞങ്ങളുടെ പ്രതീക്ഷയ്ക്കുമപ്പുറമുള്ള വിജയമാണിത്. ബിജെപിയും സിപിഎമ്മും ചേർന്നുള്ള പ്രവർത്തനത്തിനെതിരായ ജനവിധിയാണിത്. കൂട്ടായ പ്രവർത്തനത്തിന്റെ വിജയമാണിത്. യുഡിഎഫിൻ്റെ കൂട്ടായ പ്രവർത്തനത്തിന് എല്ലാവരോടും നന്ദി പറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ ബിജെപിയുടെ വോട്ട് കുറഞ്ഞു. ഇ ശ്രീധരന് ലഭിച്ചത് 50,000 വോട്ടാണ്. കൃഷ്‌ണകുമാർ മത്സരിച്ചപ്പോൾ കിട്ടിയത് 38,000 ന് മുകളിലാണ്.
പാലക്കാട് സിപിഎം തകർന്നപ്പോൾ ബിജെപി വളർന്നു. 10 കൊല്ലം മുമ്പ് എൽഡിഎഫ് രണ്ടാം സ്ഥാനത്തായിരുന്നു. ഇന്നവർ മൂന്നാം സ്ഥാനത്താണ്. സിപിഎം തകർന്നപ്പോഴാണ് ബിജെപി പാലക്കാട് വളർന്നത്. അവരെ പിടിച്ചുകെട്ടിയത് യുഡിഎഫാണെന്നും സതീശൻ പറഞ്ഞു.