സ്വാശ്രയ കോളജുകളിൽ ഒരു മാസത്തിനകം വിദ്യാർത്ഥി പരിഹാരസെൽ നിലവിൽ വരുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. കോളേജ് പ്രിൻസിപ്പലായിരിക്കും സെല്ലിന്റെ ചെയർപേഴ്സൺ എന്നും മന്ത്രി അറിയിച്ചു.
കോളേജുകളിൽ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ എപ്പോഴും പ്രതിജ്ഞാബദ്ധമാണ്. അതിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ അവകാശങ്ങൾ ഉറപ്പാക്കാനാണ് സെൽ ആരംഭിക്കുന്നത്. പല കോളേജുകളിലും തിരഞ്ഞെടുപ്പ് പേരിനുമാത്രമാണ്. പരമാവധി വിദ്യാർത്ഥി പ്രാതിനിധ്യം ഉറപ്പാക്കും. പെൺകുട്ടികൾ, എസ് സി, എസ്ടി വിദ്യാർത്ഥികൾ, ഭിന്നശേഷി പ്രാതിനിധ്യം എന്നിവ കോളേജിലും സർവകലാശാലകളിലുമുള്ള സെല്ലുകളിലും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
വിദ്യാർത്ഥികളുടെ അവകാശ പ്രഖ്യാപന രേഖ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ഉടൻ തന്നെ അത് നിലവിൽ വരും. കോളേജുകളിൽ കൗൺസിലിങ്ങ് ലഭ്യമാക്കുന്നത് വിദ്യാർത്ഥികളുടെ അവകാശമായി അവകാശ പ്രഖ്യാപന രേഖയിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.