തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോർജ് പോലീസ് കസ്റ്റഡിയിൽ. പാലാരിവട്ടം സ്റ്റേഷനിൽ ഹാജരായ ജോർജിനെ എറണാകുളം എ ആർ ക്യാമ്പിലേക്ക് മാറ്റി. തിരുവനന്തപുരത്ത് നിന്ന് പൊലീസ് എത്തിയതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തും. രാത്രി തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നതാണ് സുരക്ഷിതമെന്ന ധാരണയിലാണ് പോലീസ്.
വെണ്ണല വിദ്വേഷ പ്രസംഗക്കേസിൽ ചോദ്യം ചെയ്യലിനായി പി സി ജോർജ് പാലാരിവട്ടം സ്റ്റേഷനിൽ മകൻ ഷോൺ ജോർജിനൊപ്പം ഹാജരായിരുന്നു.
അനന്തപുരി വിദ്വേഷ പ്രസംഗക്കേസിൽ പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി അംഗീകരിച്ച തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് കോടതിയാണ് പി സി ജോർജിന്റെ മുൻകൂർ ജാമ്യം റദ്ദാക്കിയത്. ജാമ്യവ്യവസ്ഥകൾ ലംഘിച്ചു എന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർക്ക് പി സി ജോർജിനെ അറസ്റ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു.
മെയ് 1നാണ് പി സി ജോർജിനു കോടതി ജാമ്യം അനുവദിച്ചത്. ദുർബലമായ പോലീസ് റിപ്പോർട്ടിനെ തുടർന്നാണ് ജാമ്യം അനുവദിക്കുന്നതെന്ന് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജി ആശ കോശി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. മൂന്നു വർഷത്തിൽ താഴെയുള്ള ശിക്ഷ ആയിരിക്കുമെന്നതിനാൽ സുപ്രീം കോടതി വിധികളുടെ അടിസ്ഥാനത്തിലും പ്രോസിക്യൂഷന്റെ അഭാവത്തിൽ കോടതിയുടെ വിവേചനാധികാരം ഉപയോഗിച്ചാണ് ജാമ്യം അനുവദിച്ചത്. ഇതോടെ സർക്കാർ ജാമ്യം റദ്ദാക്കാൻ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു പി സി ജോർജിന്റെ വിവാദമായ വിദ്വേഷ പരാമർശം.