സംസ്ഥാനത്ത് ഓണാഘോഷങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങൾ ഉൾപ്പെടുത്തി കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം കത്തയച്ചു. വരും മാസങ്ങളിലെ ആഘോഷങ്ങളിൽ കടുത്ത നിയന്ത്രണം വേണമെന്നാണ് കേന്ദ്ര നിർദേശം. കോവിഡ് പ്രോട്ടോകോൾ പാലിച്ചുവേണം ആഘോഷങ്ങൾ നടത്താനെന്ന് കേന്ദ്രം ഓർമിപ്പിക്കുന്നു. കൊവിഡ് വ്യാപന തോത് നിയന്ത്രണവിധേയമാക്കാന്‍ നടപടി അനിവാര്യമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഒരു മാസമായി കേരളത്തില്‍ പ്രതിദിന കൊവിഡ് വര്‍ധന മാറ്റമില്ലാതെ തുടരുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഏഴ് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചിരിക്കുന്നത്. കേരളത്തില്‍ അഞ്ച് ജില്ലകളില്‍ പത്ത് ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്തെ 10 ജില്ലകളില്‍ ജൂലൈ 4നും 28നും ഇടയിൽ നടത്തിയ പരിശോധനകളിലെ അലംഭാവം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ വിമര്‍ശനം. രാജ്യത്തെ പ്രതിവാര കേസുകളുടെ 7.8 ശതമാനം കേരളത്തിലാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നുണ്ട്.