യൂട്യൂബർ മുകേഷ് നായർക്കെതിരെ എക്സൈസ് കേസെടുത്തു. ബാറിലെ മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ പരസ്യം നല്കിയതിനാണ് മുകേഷ് നായർക്കെതിരെ എക്സൈസ് നടപടി സ്വീകരിച്ചത്. കൊല്ലത്തെ ഒരു ബാറിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ പരസ്യം നൽകി അഭിനയിച്ചുവെന്നാണ് കേസ്.
ബാറുകൾക്ക് പരസ്യം നൽകാൻ പാടില്ലെന്ന അബ്ദാരി നിയമം ലംഘിച്ചതിനാണ് കേസെടുത്തത്. കൊല്ലത്തെ ഒരു ഫാമിലി റെസ്റ്റോ ബാറിനെക്കുറിച്ച് മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ സമൂഹ്യമാധ്യമങ്ങളിൽ മുകേഷ് പരസ്യം നൽകുകയായിരുന്നു. ഫാമിലി റെസ്റ്റോ ബാറിനെക്കുറിച്ചുള്ള പരസ്യത്തിൽ മദ്യം കാണിക്കുകയും ചെയ്തിരുന്നു. കേസിൽ ബാറുടമ രാജേന്ദ്രനാണ് ഒന്നാം പ്രതി. ബാർ ലൈസൻസ് വയലേഷനാണ് കേസെടുത്തതെന്നാണ് എക്സൈസ് അറിയിച്ചത്. തിരുവനന്തപുരം സ്വദേശിയായ മുകേഷ് നായർ ഫുഡ് വ്ലോഗർ കൂടിയാണ്.