കോഓഡിനേഷൻ ഓഫ് ഇസ്‍ലാമിക് കോളജസിന്റെ (സിഐസി) സമിതികളിൽനിന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ രാജിവച്ചു. സമസ്തയുടെ മാർഗനിർദേശങ്ങൾ പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി. മുത്തുക്കോയ തങ്ങളെ കൂടാതെ സമസ്ത ജനറൽ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്‍ലിയാറും രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്.
സിഐസി ജനറൽ സെക്രട്ടറിയായിരുന്ന അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരിയുടെ രാജി അംഗീകരിച്ചതായി സിഐസി ചെയര്‍മാന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സിഐസിയിൽനിന്ന് ഹക്കീം ഫൈസിയുടെ രാജി അംഗീകരിക്കുന്നതിനുള്ള നിയമ സാങ്കേതിക തടസ്സങ്ങൾ നീക്കിയതിനെ തുടർന്നായിരുന്നു രാജി അംഗീകരിച്ചത്. നിലവിലെ ജോയന്റ് സെക്രട്ടറി ഹബീബുല്ല ഫൈസി പള്ളിപ്പുറത്തെ പുതിയ ജനറൽ സെക്രട്ടറിയായി നിയമിച്ചു.
തൂത ദാറുൽ ഉലൂം ഇസ്‍ലാമിക് ആൻഡ് ആർട്സ് കോളജ് (തൂത വാഫി കോളജ്) പ്രിൻസിപ്പലും സമസ്ത ജനറൽ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്‍ലിയാരുടെ മരുമകനുമാണ് ഹബീബുല്ല ഫൈസി. രാജി അംഗീകരിക്കുകയും പുതിയ ജനറൽ സെക്രട്ടറിയെ നിയമിച്ചതും സംബന്ധിച്ച് സമസ്ത നേതാക്കളുമായും സിഐസി ഭാരവാഹികളുമായും ചർച്ച ചെയ്തതായി സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു.
ഹകീം ഫൈസി രാജീവച്ച സാഹചര്യത്തിൽ സമസ്ത-സിഐസി തർക്കത്തിൽ മഞ്ഞുരുകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. സമസ്ത ജനറൽ സെക്രട്ടറിയുടെ മരുമകന് ചുമതല നൽകിയ സാഹചര്യത്തിൽ സമവായ സാധ്യതകൾ ഏറെയാണ്. ജിഫ്രി തങ്ങളുടെയും ആലിക്കുട്ടി മുസ്ലിയാരുടെയും പുതിയ നീക്കം ഇതിനെ എങ്ങിനെയാണ് ബാധിക്കുക എന്നാണ് സംഘടനയുമായി ബന്ധപ്പെട്ടവരുടെ ആശങ്ക.