തക്കാളിയുടെ വില കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തിൽ ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ ഒരു കർഷകൻ 40,000 പെട്ടി തക്കാളി വിറ്റ് 45 ദിവസത്തിനുള്ളിൽ നാല് കോടി രൂപ നേടിയിരിക്കുകയാണ്. ഇതോടെ, ചിറ്റൂർ ജില്ലയിൽ നിന്നുള്ള തക്കാളി കർഷകനായ ചന്ദ്രമൗലി വലിയ നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. സാധാരണക്കാരുടെ കുടുംബ ബജറ്റിനെ തക്കാളി സാരമായി ബാധിക്കുന്ന സാഹചര്യത്തിലാണ് വിൽപനയിലൂടെ കർഷകൻ കോടീശ്വരനായത്.
ഒരു കോടി രൂപയാണ് ചന്ദ്രമൗലി യുടെ മുടക്കുമുതലെന്നും നാലുകോടി വരുമാനം കിട്ടിയെന്നും മൂന്നു കോടി ലാഭമാണ് നേടാൻ ആയതെന്നും ചന്ദ്രമൗലി പറഞ്ഞു. 22 ഏക്കർ തോട്ടത്തിലായിരുന്നു അദ്ദേഹം കൃഷി ചെയ്തിരുന്നത്. ഏപ്രിൽ ആദ്യവാരം വ്യത്യസ്ത ഇനത്തിലുള്ള തക്കാളി വിത്തുകൾ പാകി അദ്ദേഹം കൃഷി ആരംഭിച്ചു. കൃത്യമായ പരിചരണം നൽകിയതോടെ ജൂൺ അവസാനത്തോടെ തക്കാളിപ്പാടം വിളവെടുപ്പിന് പാകമായി. അപ്പോഴേക്കും തക്കാളിക്ക് വിപണിയിൽ പൊന്നും വിലയായി. കർണാടകയിലെ കോലാർ മാർക്കറ്റിലാണ് അദ്ദേഹം തക്കാളി വിറ്റത്. 15 കിലോയുടെ തക്കാളിപ്പെട്ടിക്ക് 1,000 മുതൽ 1,500 വരെയാണ് വില.
ഇന്ത്യയിലെ ഏറ്റവും വലിയ തക്കാളി മാർക്കറ്റുകളിലൊന്നായ ആന്ധ്രാപ്രദേശിലെ മദനപ്പള്ളിയിൽ തക്കാളിയുടെ വില ഇപ്പോൾ കുതിച്ചുയരുകയാണ്. കിലോയ്ക്ക് ഒന്നാം തരം തക്കാളിയുടെ വില 200 രൂപയായി കൂടി. തക്കാളിയുടെ കുതിച്ചുയരുന്ന വില ആഗസ്റ്റ് അവസാനം വരെ തുടരുമെന്നാണ് അധികൃതർ പറയുന്നത്.