അഗ്നിപഥ് പദ്ധതിയുടെ വ്യോമസേനയിലേക്കുള്ള രജിസ്ട്രേഷന് ഇന്ന് തുടക്കമായി. ഓൺലൈനായി നടക്കുന്ന രജിസ്‌ട്രേഷനിലേക്ക് രാവിലെ 10 മണി മുതൽ അപേക്ഷകൾ നൽകാൻ കഴിയും. agnipathvayu.cdac.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ജൂലൈ 5 വരെയാണ് അപേക്ഷകൾ നൽകാനുള്ള സമയം. അന്തിമ നിയമന പട്ടിക ഡിസംബർ 11ന് പുറത്തിറക്കുമെന്നാണ് വിവരം. ഈ വർഷം 3000 പേർക്കാണ് നിയമനം ലഭിക്കുക.
indianairforce.nic.in എന്ന വെബ്‌സൈറ്റിലാണ് വിജ്ഞാപനം സംബന്ധിച്ചുള്ള പൂർണ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്. നാവികസേനയിലേക്കുള്ള രജിസ്ട്രേഷൻ നടപടികൾ നാളെ തുടങ്ങും. അടുത്ത മാസം മുതലാണ് കരസേനയിലേക്കുള്ള രജിസ്ട്രേഷൻ.
അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം ബിഹാറിൽ ഇപ്പോഴും തുടുരുകയാണ്. യുപിയിലും ഹരിയാനയിലും ഇന്ന് സംയുക്ത കിസാൻ മോർച്ചയുടെ പ്രതിഷേധം നടക്കും.
ഇതിനിടെ വൺ റാങ്ക് വൺ പെൻഷന്‍ പദ്ധതി നടപ്പാക്കി സൈനികരുടെ പെൻഷൻ തുക കുടിശ്ശിക അടക്കം നല്‍കാനുള്ള നീക്കവും കേന്ദ്ര സർക്കാര്‍ നടത്തുന്നുണ്ട്. അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് പ്രതിഷേധം നിലക്കാത്ത സാഹചര്യത്തിലാണ് ഈ നീക്കം. 2000 കോടി രൂപയാണ് കുടിശ്ശികയായി മാത്രം സർക്കാരിന് നല്‍കേണ്ടി വരുക. 2019 ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാകും പെന്‍ഷന്‍ നല്‍കുക. അഗ്നിപഥ് പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിൽ ഉടൻ തന്നെ സർതക്കാര്‍ ഈ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.