കനത്ത സാമ്പത്തിക വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ് വിദ്യാഭ്യാസ ടെക്‌നോളജി കമ്പനിയായ ‘ബൈജൂസ്’. കമ്പനിക്ക് ഉയർന്ന മൂല്യം ലഭിക്കുന്നതിനായി വരുമാനം പെരുപ്പിച്ചുകാണിച്ചതാണ് തിരിച്ചടിയായത്. 2022 ഒക്ടോബറിൽ 2,200 കോടി ഡോളർ (1.80 ലക്ഷം കോടി രൂപ) മൂല്യവുമായി ലോകത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ടെക്‌നോളജി കമ്പനിയും ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സ്റ്റാർട്ടപ്പുമായിരുന്നു ബൈജൂസ്.
കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ വൻകിട കെട്ടിട സമുച്ചയങ്ങളിൽനിന്ന് ഓഫീസ് സ്പേസ് ഒഴിഞ്ഞു. ചെലവ് ചുരുക്കലിൻറെ ഭാഗമായാണ് നടപടി. 5.58 ലക്ഷം ചതുരശ്രയടി വിസ്തൃതിയിലുള്ള കല്യാണി ടെക് പാർക്കിലെ ഓഫീസ് സ്പേസാണ് ഒഴിഞ്ഞിരിക്കുന്നത്. അവിടെ ജോലി ചെയ്തിരുന്ന ജീവനക്കാരോട് മറ്റ് ഓഫീസുകളിലേക്ക് മാറുകയോ വീട്ടിലിരുന്ന് ജോലി ചെയ്യുകയോ ചെയ്യാനാണ് ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്.
ഓഹരി മൂലധനം സമാഹരിക്കാൻ കഴിയാതെയായതോടെ, വിദേശങ്ങളിൽനിന്ന് വായ്പയെടുത്തു എന്നാൽ, പ്രതിസന്ധി കനത്തതോടെ തിരിച്ചടവ് മുടങ്ങി. കമ്പനിയെ തിരികെപ്പിടിക്കുന്നതിന് ദുബായിൽനിന്ന് 100 കോടി ഡോളർ (8,200 കോടി രൂപ) സമാഹരിക്കാനായി വിവിധ നിക്ഷേപകരുമായി ബൈജു രവീന്ദ്രൻ നേരിട്ടു ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. ഒടുവിൽ അവിടെ നിന്ന് പൊട്ടിക്കരയേണ്ടി വന്നു. ബെംഗളൂരുവിൽ തന്നെ പ്രസ്റ്റീജ് ടെക് പാർക്കിലെ രണ്ടുനിലകളും ഒഴിഞ്ഞു. ഒൻപതുനിലകളിലായിരുന്നു അവിടെ പ്രവർത്തിച്ചിരുന്നത്. ഒരു മാസത്തിനുള്ളിൽ മറ്റൊരു കെട്ടിടം കൂടി ഒഴിയുമെന്നാണ് സൂചന. ഇതുവഴി വാടകച്ചെലവ് വൻതോതിൽ കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ജീവനക്കാരെ വൻതോതിൽ പിരിച്ചുവിടുന്നതും ചെലവു ചുരുക്കൽ നടപടികളുടെ ഭാഗമായാണ്. കഴിഞ്ഞ മാസം മാത്രം 1,000 ജീവനക്കാരെയാണ് ബൈജൂസ് പിരിച്ചുവിട്ടത്.