കാവേരി നദീജല തർക്കത്തിൽ തമിഴ്‌നാട്ടിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ ഒരു കൂട്ടം കർഷകർ ചത്ത എലികളെ വായിൽ കടിച്ചുപിടിച്ച് പ്രതിഷേധം നടത്തുന്നതിന്‍റെ വീഡിയോ പുറത്ത്.
കാവേരി നദീജലം കർണാടക വിട്ട് നൽകിയില്ലെങ്കിൽ കർഷകർ അതിജീവനത്തിനായി എലി മാംസം കഴിക്കാൻ നിർബന്ധിതരാകുമെന്നതിന്‍റെ സൂചനയായാണ് ഇത്തരത്തിൽ ഒരു പ്രതിഷേധം കർഷകർ നടത്തിയത്. നദീജലം കിട്ടാതെ വന്നാൽ ഉണ്ടാകാൻ പോകുന്ന തങ്ങളുടെ ദുരവസ്ഥയെ കുറിച്ച് അധികാരികളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള വേറിട്ട രീതിയിൽ ഒരു പ്രതിഷേധം കർഷകർ നടത്തിയത്.
സർക്കാർ നടപടികൾക്കെതിരെ തിരുച്ചിറപ്പള്ളി മേഖലയിൽ നിന്നുള്ള കർഷകർ നടത്തിയ ഈ പ്രതിഷേധത്തിന്‍റെ വീഡിയോ വാർത്താ ഏജൻസിയായ എഎൻഐ ആണ് തങ്ങളുടെ ഔദ്യോഗിക ‘എക്സ്’ ഹാൻഡിൽ വഴി പുറത്തുവിട്ടത്. മറുവശത്ത്, കന്നഡ അനുകൂല സംഘടനകളും കർണാടകയിലെ മാണ്ഡ്യയിലെ കർഷകരും പ്രക്ഷോഭം തുടരുകയാണ്. നയതന്ത്രപരമായി പ്രശ്‌നം കൈകാര്യം ചെയ്യാൻ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് ഡിഎംകെ അറിയിച്ചു. അയൽ സംസ്ഥാനത്തേക്ക് അയക്കാനുള്ള വെള്ളമില്ലെന്നതാണ് ഇതുമായി ബന്ധപ്പെട്ട് കർണാടക സർക്കാരിന്‍റെ വാദം.