ആലുവയിൽ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ അന്ത്യ കർമങ്ങൾ നടത്താൻ പൂജാരിമാർ വിസമ്മതിച്ചെന്ന് ആരോപണം. കുഞ്ഞിന്റെ അന്ത്യകർമങ്ങൾക്കായി എത്തിയ പൂജാരി രേവന്താണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
ഹിന്ദിക്കാരുടെ കുട്ടിയല്ലേ എന്നാണ് മറ്റ് പൂജാരിമാർ ചോദിച്ചതെന്ന് രേവന്ത് പറഞ്ഞു. രേവന്ത് മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങന: ”ആലുവ പോയി, മാള പോയി, കുറമശേരി ഭാഗത്തൊക്കെ അലഞ്ഞു. ഒരു പൂജാരിയും വരാൻ തയാറായില്ല. അവരൊന്നും മനുഷ്യന്മാരല്ല. അവർ ചോദിച്ചത് ഹിന്ദിക്കാരുടെ കുട്ടിയല്ലേ എന്നാണ്.
ഹിന്ദിക്കാരുടെ കുട്ടിയാണെങ്കിലും മനുഷ്യന്മാർ തന്നെയല്ലേ? അപ്പോൾ ഞാൻ വിചാരിച്ചു, നമ്മുടെ മോൾടെ കാര്യമല്ലേ, ഞാൻ തന്നെ കർമം ചെയ്യാം എന്ന്. എനിക്ക് കർമങ്ങൾ അത്ര നന്നായി അറിയുന്ന ആളല്ല. ഞാൻ ഇതിനു മുൻപ് ഒരു മരണത്തിനേ കർമം ചെയ്തിട്ടുള്ളൂ. ഇതു കേട്ടപ്പോൾ എനിക്ക് ആകെ വല്ലായ്മ തോന്നി” – രേവത് വികാരാധീനനായി പറഞ്ഞു. കുഞ്ഞിന്റെ മൃതദേഹം കീഴ്മാട് പൊതുശ്മശാനത്തിൽ സംസ്‌കരിച്ച ശേഷമാണ് രേവന്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്.