പറന്നുയർന്ന വിമാനത്തിൽ അഗ്നിബാധ കണ്ടതിനേത്തുടർന്ന് അടിയന്തരമായി നിലത്തിറക്കി. ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പറന്നുയർന്ന പൂണെ ബംഗളൂരു-കൊച്ചി എയർ ഇന്ത്യ എക്സ്പ്രസിലാണ് തീ കണ്ടത്. ഐ.എക്സ് 1132 വിമാനത്തിന്റെ എൻജിനിലായിരുന്നു തീപ്പിടിത്തമുണ്ടായത്. ഇതോടെ വിമാനം അടിയന്തരമായി തിരിച്ചിറക്കി യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കുകയായിരുന്നു.
ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്. പുണെയിൽ നിന്ന് ബംഗളൂരുവിൽ എത്തിയ വിമാനം ബംഗളൂരു വിമാനത്താവളത്തിൽ നിന്ന് പറന്ന ഉടനാണ് തീ കാണപ്പെട്ടത്. ബംഗളൂരുവിൽ യാത്രക്കാരെ ഇറക്കി രാത്രി 9.40ന് കൊച്ചിയിലേക്ക് പറന്നുയരേണ്ട വിമാനം രാത്രി വൈകി 11 മണിയോടെയായിരുന്നു പറന്നുയർന്നത്. 179 യാത്രക്കാരും ആറ് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഉടൻതന്നെ ജീവനക്കാർ വിമാനം തിരിച്ചിറക്കുകയായിരുന്നു.
വിമാനത്താവളത്തിന് ഏറെ അകലെയായാണ് വിമാനം ലാൻഡ് ചെയ്തത്. ഉടൻ പുറത്തേക്കുള്ള എല്ലാ എമർജൻസി വാതിലുകളും തുറക്കുകയും യാത്രക്കാരോട് ചാടിയിറങ്ങാനും ദൂരേക്ക് ഓടിപ്പോകാനും കാബിൻ ക്രൂ നിർദേശം നൽകി. തുടർന്ന് ഫയർ എൻജിനുകളെത്തി തീയണക്കുകയായിരുന്നു. ഈ സമയം ആംബുലൻസ് എത്തി പ്രായമായവരും പരിഭ്രാന്തരുമായ യാത്രക്കാരെ കൊണ്ടുപോവുകയും ചെയ്തു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.