കിഴക്കന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ വന്‍ ഭൂചനത്തില്‍ 250 മരണം. 150ല്‍ ഏറെ ആളുകൾക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. തെക്ക് കിഴക്കന്‍ നഗരമായി ഖോസ്റ്റില്‍ നിന്ന് 44 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം. പക്ടിക, ബര്‍മല, സിറുക്, നക, ഗയാന്ഡ തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂചലനത്തിന്‍റെ തീവ്രത അനുഭവപ്പെട്ടത്.
റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങളും വീടുകളും പൂര്‍ണമായും തകര്‍ന്നു. പക്ടിക പ്രവിശ്യയിലാണ് മരണസംഖ്യ ഉയര്‍ന്നതെന്ന് താലിബാന്‍ ഭരണകൂടം അറിയിച്ചു. നംഗര്‍ഹാര്‍, ഖോസ്റ്റ് എന്നിവിടങ്ങളിലും മരണങ്ങളുണ്ടായി.
അതേസമയം മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അഫ്ഗാന്‍റെ തലസ്ഥാനമായ കാബൂളിലും പ്രകമ്പനം അനുഭവപ്പെട്ടു. പാക് തലസ്ഥാനമായ ഇസ്ളാമാബാദിലും സമീപ നഗരങ്ങളിലും പ്രകമ്പനം പ്രകടമായി.