കുസൃതി കാട്ടാത്ത കുട്ടികളില്ല, കോട്ടയത്ത് രണ്ടു വയസ്സുകാരി കാട്ടിയ കുസൃതിയിൽ അങ്കലാപ്പിലായത് വീട്ടുകാരും നാട്ടുകാരുമാണ്. മുറിയിൽ കയറി കുട്ടി അബദ്ധത്തിൽ വാതിൽ പൂട്ടുകയായിരുന്നു. മുറിയിൽ കയറിയ കുഞ്ഞ് കിടന്നുറങ്ങിപ്പോയി. പിന്നാലെ കുഞ്ഞിനെ കാണാതെ വീട്ടുകാർക്ക് ആകെപ്പാടെ വേവലാതിയുമായി.
കുട്ടി കിടക്കുന്ന മുറി തുറക്കാൻ സാധിക്കാതെ വന്നതും മുറിയിലെ കർട്ടൻ കാരണം അകത്തേക്കു കാണാത്തതും വീട്ടുകാരുടെ ആശങ്ക ഇരട്ടിപ്പിച്ചു. പിന്നാലെയാണ് ഫയർ ഫോഴ്സിനെ വിളിക്കുകയായിരുന്നു. ഒടുവിൽ ഫയർഫോഴ്സെത്തിയാണ് മുറി തുറന്നത്.
കാഞ്ഞിരപ്പള്ളി സുഖോദയ റോഡിലുള്ള വീട്ടിലാണ് സംഭവം. രാത്രി പത്തരയോടെയാണ് കുഞ്ഞ് മുറിയിൽ കയറി കതക് പൂട്ടി കിടന്നുറങ്ങിയത്. പിന്നാലെയാണ് വീട്ടുകാർ കുട്ടിയെ കാണാനില്ലെന്നു കരുതി തിരച്ചിൽ നടത്തിയത്. തുടർന്നു കുട്ടിയുടെ പിതാവ് കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് ഓഫീസിലെത്തി വിവരം പറയുകയായിരുന്നു.സീനിയർ റസ്ക്യു ഓഫീസർ നൗഫൽ പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. മുറിയുടെ പൂട്ട് തകർത്ത് ഫയർ ഫോഴ്സ് സംഘം അകത്തു കടന്നു. ഈ സംഭവങ്ങളെല്ലാം നടക്കുമ്പോഴും കുട്ടി സുഖമായി ഉറങ്ങുന്നുണ്ടായിരുന്നു.