ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന ബഹുമതി വീണ്ടും സ്വന്തമാക്കി ദുബായ് വിമാനത്താവളം. ഈ വർഷത്തെ ആദ്യ പാദത്തിൽ 2.12 കോടി യാത്രക്കാരെ സ്വീകരിച്ചാണ് ദുബായ് നേട്ടം കൈവരിച്ചിതെന്ന് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തും പറഞ്ഞു. കൂടാതെ വിമാനത്താവളത്തിൽ മികവ് പുലർത്തുന്നതിന് നേതൃത്വം നൽകിയ ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും ദുബായ് എയർപോർട്സ് ചെയർമാനുമായ ശൈഖ് അഹ്മദ് ബിൻ സഈദ് അൽ മക്തൂമിനെയും മാനേജ്മെന്റ് ടീമിനെയും അദ്ദേഹം ട്വിറ്ററിലൂടെ അഭിനന്ദിച്ചു.
അതേസമയം ആദ്യ പാദത്തിൽ യാത്രക്കാരുടെ എണ്ണം കുത്തനെ വർധിച്ചതോടെ ഈ വർഷം പ്രവചിച്ചതിനേക്കാൾ യാത്രക്കാരുടെ എണ്ണം 8.3 കോടിയായി ഉയർന്നുവെന്ന് ദുബായ് എയർപോർട്സ് സിഇഒ പോൾ ഗ്രിഫിത്ത് അറിയിച്ചു. നേരത്തേ 7.8 കോടി യാത്രക്കാർ എത്തുമെന്നാണ് പ്രവചിച്ചിരുന്നത്. എന്നാൽ വിനോദ സഞ്ചാരികളുടെയും ബിസിനസ് യാത്രികരുടെയും എണ്ണത്തിൽ വർധനയുണ്ടായതാണ് നേട്ടത്തിലേക്ക് നയിച്ചതെന്ന് അധികൃതർ വിലയിരുത്തുന്നു. ഇന്ത്യൻ യാത്രക്കാരാണ് ഏറ്റവും കൂടുതൽ ദുബൈ വിമാനത്താവളം വഴി കടന്നുപോയത്.
ചൈനയിലേക്കുള്ള യാത്രാ നിയന്ത്രണങ്ങൾ എളുപ്പമാക്കിയത്, ആഘോഷങ്ങളുമായി ബന്ധപ്പെട്ട അവധി ദിനങ്ങൾ എന്നിവയാണ് യാത്രക്കാർ കൂടാനുണ്ടായ കാരണം. കൂടുതൽ യാത്രക്കാരെ വരും മാസങ്ങളിലും പ്രതീക്ഷിക്കുന്നതായി പോൾ ഗ്രിഫിത്ത് പറഞ്ഞു. ആദ്യ മൂന്നു മാസങ്ങളിൽ ദുബായ് വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണം 2.1 കോടിയാണ്. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 55.8 ശതമാനം വർധനവാണ് ഇപ്പോൾ രേഖപ്പെടുത്തിയത്.