അക്രമാസക്തമായ ഇലക്ട്രോണിക് ഗെയിമുകളിൽ കുട്ടികളും കൗമാരക്കാരും കൂടുതലായി ഏർപ്പെടുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. മാനസിക ദ്രോഹം, ആസക്തി, യാഥാർത്ഥ്യത്തിൽ നിന്ന് വേർപിരിഞ്ഞു നിൽക്കാനുള്ള സാധ്യത എന്നിവയെല്ലാം ഇലക്ട്രോണിക് ഗെയിമുകളുടെ ദോഷഫലങ്ങളാണെന്ന് പോലീസ് അറിയിച്ചു.
‘ഞങ്ങളുടെ ശൈത്യകാലം സുരക്ഷിതവും ആസ്വാദ്യകരവുമാണ്’ എന്ന ക്യാമ്പയ്നിന്റെ ഭാഗമായാണ് പോലീസ് മുന്നറിയിപ്പ് നൽകിയത്. പോസിറ്റീവ് ഉള്ളടക്കമുള്ള ഗെയിമുകൾ തിരഞ്ഞെടുത്ത് കുട്ടികളുടെ ഗെയിമിംഗ് പ്രവർത്തനങ്ങൾ സജീവമായി നിരീക്ഷിക്കാൻ പോലീസ് മാതാപിതാക്കളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. മാത്രമല്ല, ഇലക്ട്രോണിക് ഗെയിമുകൾ കേവലം വിനോദമായി കാണുന്നതിന് എതിരേയും പോലീസ് മുന്നറിയിപ്പ് നൽകി.
അതേസമയം ഇലക്ട്രോണിക് ഗെയിമുകൾ, പരസ്യങ്ങൾ, തെറ്റിദ്ധരിപ്പിക്കുന്ന ലിങ്കുകൾ തുടങ്ങിയവയിലൂടെ കുട്ടികൾ തട്ടിപ്പുകാർക്ക് ഇരയാകുന്നതിന്റെ അപകടങ്ങളെ കുറിച്ചും പോലീസ് വ്യക്തമാക്കി. ഇത്തരം കാര്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കാനും കുട്ടികളുമായി തുറന്ന ആശയവിനിമയം പ്രോത്സാഹിപ്പിക്കണമെന്നും മാതാപിതാക്കളോട് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.