റസിഡൻസി വീസ നിയമത്തിൽ വലിയ മാറ്റങ്ങളുമായി യുഎഇ. ആറുമാസത്തിലധികം എമിറേറ്റ്സിന് പുറത്ത് താമസിക്കുന്ന യുഎഇ റസിഡൻസി വീസ ഉടമകൾക്ക് രാജ്യത്ത് വീണ്ടും പ്രവേശിക്കാൻ അനുമതിക്കായി അപേക്ഷിക്കാം. എന്നാൽ രാജ്യത്തിന് പുറത്ത് ഇത്രയും കാലം താമസിച്ചതിന് ഒരു കാരണം തെളിവ് സഹിതം വ്യക്തമാക്കണം. ഇതുമായി ബന്ധപ്പെട്ട് അറിയിപ്പ് ലഭിച്ചതായി ട്രാവൽ ആൻഡ് ടൈപ്പിംഗ് സെൻ്റർ ഏജൻ്റുമാർ സ്ഥിരീകരിച്ചിട്ടുണ്ട്.
ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയുടെ (ഐസിപി) ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് റീ-എൻട്രി പെർമിറ്റിനായി അപേക്ഷിക്കേണ്ടത്. ‘6 മാസത്തിൽ കൂടുതൽ യുഎഇക്ക് പുറത്ത് താമസിക്കുന്നതിനുള്ള പെർമിറ്റ് ഇഷ്യൂ ചെയ്യുക’ എന്നാണ് ഈ സേവനത്തിൻ്റെ പേര്. ഇത് ‘സ്മാർട്ട് സേവനങ്ങൾ’ എന്ന ടാബിന് കീഴിൽ കണ്ടെത്താനാകും. 150 ദിർഹമാണ് സേവനത്തിന് ഈടാക്കുന്നത്.
ഐസിപിയിൽ നിന്ന് അപേക്ഷ അംഗീകരിച്ചതായി ഇമെയിൽ ലഭിച്ചതിന് ശേഷം മാത്രമേ അപേക്ഷകന് യുഎഇയിൽ വീണ്ടും പ്രവേശിക്കാൻ കഴിയൂ. ഈ പ്രക്രിയ ഏകദേശം അഞ്ച് ദിവസമെടുക്കും. സേവനം പ്രയോജനപ്പെടുത്താൻ അപേക്ഷകർ അവരുടെയും സ്പോൺസറിൻ്റെയും വിശദാംശങ്ങളും പാസ്പോർട്ടും താമസ വിവരങ്ങളും നൽകണം.
180 ദിവസത്തിലേറെ രാജ്യത്ത് നിന്ന് മാറിനിന്നാൽ യുഎഇ നിയമം അനുസരിച്ച് റസിഡൻസി വീസ സ്വമേധയാ റദ്ദാകാറാണ് പതിവ്. ഗോൾഡൻ വീസയുള്ളവർക്ക് മാത്രമായിരുന്നു ഈ വ്യവസ്ഥയിൽ നിന്ന് ഇളവ് ഉണ്ടായിരുന്നത്.