1,502 പൗരന്മാർക്ക് 2.18 ബില്യൺ ദിർഹത്തിൻ്റെ ഭവന ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് അബുദാബി. അബുദാബി ഭരണാധികാരിയും യുഎഇ പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നാഹ്യാനും ചേർന്നാണ് 2024-ലെ ആദ്യ ഭവന, ആനുകൂല്യ പാക്കേജിൻ്റെ ആദ്യ വിതരണത്തിന് അംഗീകാരം നൽകിയത്. ഹൗസിംഗ് ബെനഫിറ്റ് പാക്കേജിൽ ഹൗസിംഗ് ലോണുകൾ, റെഡി-ബിൽറ്റ് ഹൗസുകൾ, റെസിഡൻഷ്യൽ ലാൻഡ് ഗ്രാൻ്റുകൾ എന്നിവ ഉൾപ്പെടുന്നു. മുതിർന്ന പൗരന്മാർ, കുറഞ്ഞ വരുമാനമുള്ള വിരമിച്ചവർ, മരിച്ച പൗരന്മാരുടെ കുടുംബങ്ങൾ എന്നിവരെ ഹൗസിംഗ് ലോൺ പേയ്മെൻ്റുകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
‘ഈ വർഷത്തെ ആദ്യ ഭവന ആനുകൂല്യ പാക്കേജിൻ്റെ വിതരണം പൗരന്മാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും അവരുടെ ഭവന ആവശ്യങ്ങൾ പരിഹരിക്കുന്നതിനുമുള്ള ഞങ്ങളുടെ വിവേകപൂർണ്ണമായ നേതൃത്വത്തിൻ്റെ തുടർച്ചയായ സമർപ്പണത്തെയാണ് സൂചിപ്പിക്കുന്നത്. പൗരന്മാരുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമം മെച്ചപ്പെടുത്താനും സ്ഥിരത പ്രോത്സാഹിപ്പിക്കാനും ഇതുവഴി ലക്ഷ്യമിടുന്നു.
കൂടാതെ, എമിറേറ്റിനുള്ളിൽ കുടുംബപരവും സാമൂഹികവുമായ ഐക്യം പരിപോഷിപ്പിക്കാനുമാണ് ഇതുവഴി ശ്രമിക്കുന്നതെന്ന് അബുദാബി ഹൗസിംഗ് അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ മുഹമ്മദ് അലി അൽ ഷൊറഫ പറഞ്ഞു. പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി കിരീടാവകാശിയും അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർക്ക് ഞങ്ങളുടെ ആത്മാർത്ഥമായ നന്ദിയും അഭിനന്ദനവും അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു.
‘പുതിയ ഭവന ആനുകൂല്യ പാക്കേജ് വിതരണം ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ ഞങ്ങളുടെ നേതാക്കളുടെ മുൻഗണനയെയാണ് സൂചിപ്പിക്കുന്നത്. അബുദാബിയിലെ എല്ലാ പൗരന്മാർക്കും പാർപ്പിടം നൽകുന്നതിനുള്ള പരിപാടികളും സേവനങ്ങളും തുടർച്ചയായി മെച്ചപ്പെടുത്തുന്നതിന് അബുദാബി ഹൗസിംഗ് അതോറിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് അബുദാബി ഹൗസിംഗ് അതോറിറ്റിയുടെ ഡയറക്ടർ ജനറൽ ഹമദ് ഹരേബ് അൽ മുഹൈരി പറഞ്ഞു.