ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി ബഹിരാകാശത്ത് നിന്ന് മടങ്ങിയെത്തുമ്പോൾ വീരോചിതമായ സ്വീകരണം നൽകാനുള്ള ഒരുക്കത്തിൽ യുഎഇ . ഓഗസ്റ്റ് അവസാനത്തോടെ അദ്ദേഹം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ആറ് മാസത്തെ ശാസ്ത്ര ദൗത്യം പൂർത്തിയാക്കും .
നേതാക്കളുമായുള്ള കൂടിക്കാഴ്ചകൾ, ആഘോഷങ്ങൾ, റോഡ്‌ഷോകൾ എന്നിവയുൾപ്പെടെ ഡോ. അൽ നെയാദിയെ തിരികെ സ്വാഗതം ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണെന്ന് യുഎഇ ബഹിരാകാശയാത്രിക പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്ന സംഘടനയായ മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെൻ്റർ ഡയറക്ടർ ജനറൽ സലേം അൽ മാരി പറഞ്ഞു .
ഓഗസ്റ്റ് അവസാനമോ സെപ്റ്റംബർ തുടക്കമോ അൽ നെയാദി തിരികെ എത്തുമെന്നാണ് പ്രതീക്ഷ. അദ്ദേഹത്തിന് ഒരു ഹീറോയുടെ സ്വീകരണം നൽകാനാണ് തയ്യാറെടുപ്പെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബഹിരാകാശ സഞ്ചാരി തിരിച്ചെത്തുമ്പോൾ രക്തസമ്മർദ്ദം ഉൾപ്പടെ ക്രമീകരിക്കേണ്ടതിന് മെഡിക്കൽ പുനരധിവാസത്തിലേക്ക് പോകേണ്ടതുണ്ട്. ഫിസിയോതെറാപ്പി ആവശ്യമായി വരും.. ആരോഗ്യപരമായും മറ്റും പൂർത്തിയാക്കേണ്ട ശാസ്ത്ര പ്രവർത്തനങ്ങൾക്കൊപ്പം തൊഴിൽപരാമി പൂർത്തിയാക്കേണ്ട ഉത്തരവാദിത്വങ്ങളും ഉണ്ടാകും.
കഴിഞ്ഞ മാർച്ചിലാണ് അൽ നെയാദി ബഹിരാകാശത്ത് എത്തിയത്. യുഎഇയുടെ രണ്ടാമത്തെ ബഹിരാകാശ സഞ്ചാരിയും ബഹിരാകാശത്ത് നടക്കാൻ അവസരം ലഭിച്ച ആദ്യ അറബ് വംശജനുമാണ് അദ്ദേഹം. ദീർഘകാലം ബഹിരാകാശത്ത് ചെലവഴിക്കാനായ അറബ് പൌരനെന്ന റെക്കോർഡും അൽ നെയാദിക്കാണ്. അവസരം ലഭിച്ചാൽ ആറ് മാസം കൂടി സ്റ്റേഷനിൽ തുടരാൻ ആഗ്രഹമുണ്ടെന്നും അൽ നെയാദി വെളിപ്പെടുത്തിയിരുന്നു.