ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ പ്രശ്ന പരിഹാരത്തിന് ഇടപെട്ട് യുഎഇ. ട്രൈലാറ്ററൽ മെക്കാനിസം, ക്വാഡ് എന്നിവയുമായി ബന്ധപ്പെട്ട് യുഎഇ പ്രസ്താവന പുറപ്പെടുവിച്ചു. നിലവിലെ വെടിനിർത്തൽ 72 മണിക്കൂർ കൂടി നീട്ടാനും ശ്വാശത സമാധന നടപടികൾ ആലോചിക്കാനും തീരുമാനം.
ആഫ്രിക്കൻ യൂണിയൻ, ഇൻ്റർഗവൺമെൻ്റ് അതോറിറ്റി ഓൺ ഡെവലപ്‌മെൻ്റ്, യുഎൻ എന്നിവർ ചേർന്നതാണ് ട്രൈലാറ്ററൽ മെക്കാനിസം, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയുടെ സംയുക്ത സമിതിയാണ് ക്വാഡ്. നിർദ്ദേശത്തെ പിന്തുണയ്ക്കാനുളള സുഡാനീസ് സായുധ സേനയുടെയും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിന്റെയും പ്രഖ്യാപനത്തെ ത്രിരാഷ്ട്ര മെക്കാനിസത്തിന്റെയും ക്വാഡിലെയും അംഗങ്ങൾ സ്വാഗതം ചെയ്തു.
യുദ്ധങ്ങൾ കൂടുതൽ ശാശ്വതമായി അവസാനിപ്പിക്കുന്നതിനും തടസ്സമില്ലാത്ത മാനുഷിക പ്രവേശനം ഉറപ്പാക്കുന്നതിനുമുള്ള സംഭാഷണത്തിൽ ഏർപ്പെടാനുള്ള സന്നദ്ധതയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നതായാണ് സമിതികളുടെ അറിയിപ്പ്. ഏപ്രിൽ 20-ലെ ആഫ്രിക്കൻ യൂണിയൻ കമ്മ്യൂണിക്കിൽ വിവരിച്ചിരിക്കുന്ന ഡീ-എസ്കലേഷൻ പ്ലാൻ പിന്തുടരാനും സമാധനതലത്തിലേക്ക് സുഡാനെ എത്തിക്കാനുമാണ് നീക്കം.
ഇതിനിടെ കലാപം രൂക്ഷമായ പ്രദേശത്തുനിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്ന പ്രവർത്തനങ്ങൾ തുടരുകയാണ്. സൌദിയുടെ നേതൃത്വത്തിലാണ് പ്രധാനമായും ഒഴിപ്പിക്കൽ തുടരുന്നത്. ഓപ്പറേഷൻ കാവേരി എന്ന പേരിൽ ഇന്ത്യയും സുഡാനിലെ ഇന്ത്യക്കാരെ സുരക്ഷിത കേന്ദ്രത്തിലേക്ക് എത്തിക്കുന്നുണ്ട്.