രാജ്യത്തെ തുറമുഖങ്ങളിൽ നിന്ന് പുനർ കയറ്റുമതി ഇരട്ടിയാക്കാനുളള കർമ്മപദ്ധതിക്ക് രൂപം നൽകി യുഎഇ. 24 ഇന കർമ പദ്ധതിക്കാണ് യുഎഇ മന്ത്രിസഭ അംഗീകാരം നൽകിയത്. ഇതിനായി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അമ്പത് വാണിജ്യ ഓഫിസുകൾ തുറക്കും. ഏഴ് വർഷത്തിനകം ലക്ഷ്യം സാക്ഷാത്കരിക്കാനാണ് നീക്കം.
യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ അധ്യക്ഷതയിൽ പ്രസിഡൻഷ്യൽ പാലസിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. യുഎഇയുടെ എണ്ണ ഇതര വിദേശ വ്യാപാരം കഴിഞ്ഞ വർഷം 2.23 ട്രില്യൺ ദിർഹത്തിലെത്തിയെന്നും ഇതിൽ 27.5 ശതമാനവും പുനർ കയറ്റുമതിയായിരുന്നെന്നും യോഗം വിലയിരുത്തി.
സ്മാർട് ഫോണുകൾ ഉൾപ്പടെ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ, ആഭരണങ്ങൾ, ഓട്ടോമോട്ടീവ് ഉൽപ്പന്നങ്ങൾ എന്നിവയാണ് പുനർ കയറ്റുമതിയിൽ മുന്നിലുളളത്. കൂടുതൽ മേഖലകളിലെ ഉൽപ്പന്നങ്ങൾ പുനർ കയറ്റുമതിചെയ്യാനുളള തന്ത്രങ്ങളാണ് ആവിഷ്കരിച്ചത്. വിവിധ രാജ്യങ്ങളുമായുളള സമഗ്ര സാമ്പത്തിക കരാറുകളും ഇതിനായി ഊർജ്ജിതപ്പെടുത്തും.
ഇന്ത്യ ഉൾപ്പെടെ നാല് രാജ്യങ്ങളുമായി ഒപ്പുവച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുകളുടെ പ്രവർത്തനവും സുപ്രീം കമ്മിറ്റി വിലയിരുത്തി. യുഎഇയെ മികവിൻ്റെ ആഗോള ആസ്ഥാനമാക്കി മാറ്റാനുള്ള 19 പദ്ധതികളാണ് പ്രധാനമായും നടപ്പാക്കുന്നത്. ഇക്കാര്യങ്ങളും മന്ത്രിസഭ പരിഗണിച്ചു.