യുഎഇയിൽ മഴക്കാലത്ത് വാലി ഡ്രൈവുകൾ നിരോധിച്ചു. തുടർച്ചയായി അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. നിയമം ലംഘിക്കുന്നവരിൽ നിന്നും പിഴയായി 2,000 ദിർഹം വരെ ഈടാക്കും.
ആഭ്യന്തര മന്ത്രാലയമാണ് പുതിയ നിയമം പ്രഖ്യാപിച്ചത്. നിയമം ലംഘിച്ചാൽ 2,000 ദിർഹം വരെ പിഴയും 23 ബ്ലാക്ക് പോയിന്റുകൾ ചേർക്കപ്പെടുകയും രണ്ട് മാസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും. മഴയിലും മോശം കാലാവസ്ഥയിലും വെള്ളപ്പൊക്കമുള്ള താഴ്‌വരകളിലും അണക്കെട്ടുകളിലും ആളുകൾ ഒത്തുകൂടുന്നത് തടയുകയും അതുവഴി അപകടങ്ങൾ ഒഴിവാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
രാജ്യത്ത് കനത്ത മഴ പെയ്യുമ്പോൾ പലരും ‘സ്റ്റോം ചേസിംഗ്’ പോലുള്ള അപകടകരമായ വിനോദങ്ങളിൽ ഏർപ്പെടാറുണ്ട്. എത്ര വേഗത്തിൽ ജലനിരപ്പ് ഉയരുമെന്നോ വാഹനങ്ങൾ ശക്തമായ ഒഴുക്കിൽപ്പെട്ടുപോകുമെന്നോ മനസിലാക്കാതെയാണ് ഈ പ്രദേശങ്ങളിലേക്ക് വാഹനമോടിക്കുന്നതെന്നും അപകടവുമായി ബന്ധപ്പെട്ട് അധികൃതർ നൽകുന്ന മുന്നറിയിപ്പുകൾ അവഗണിച്ചാണ് പലരും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലേക്ക് ബോധപൂർവം പോകുന്നതെന്നും രക്ഷാപ്രവർത്തകരും വിദഗ്ധരും അഭിപ്രായപ്പെട്ടു.