ഭരണപരമായ പിഴകൾ ബാധകമാകുന്ന കോർപ്പറേറ്റ് നികുതി ലംഘനങ്ങളുടെ ഒരു ലിസ്റ്റ് വ്യക്തമാക്കുന്ന പുതിയ കാബിനറ്റ് തീരുമാനം പുറത്തിറക്കി യുഎഇയുടെ ധനമന്ത്രാലയം. ഓഗസ്റ്റ് ഒന്നിന് പുതിയ നിയമം നിലവിൽ വരും. 2023ലെ കാബിനറ്റ് തീരുമാന നമ്പർ (75) പ്രകാരം, ജൂണിൽ പ്രാബല്യത്തിൽ വന്ന യുഎഇ കോർപ്പറേറ്റ് നികുതി നിയമത്തിന് കീഴിലുള്ളബാധ്യതകൾ നിറവേറ്റാത്ത നികുതി വിധേയരായ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ പിഴ ചുമത്തും.
കൃത്യസമയത്ത് കോർപ്പറേറ്റ് നികുതി ഫയൽ ചെയ്യുന്നതിലും അടയ്ക്കുന്നതിലും വീഴ്ച കണ്ടെത്തിയാൽ പിഴ ചുമത്തും. ഫെഡറൽ ടാക്‌സ് അതോറിറ്റി സൂക്ഷിച്ചിരിക്കുന്ന തന്റെ നികുതി രേഖയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ഭേദഗതി ആവശ്യമായി വന്നേക്കാവുന്ന ഏതെങ്കിലും കേസ് ഫെഡറൽ ടാക്സ് അതോറിറ്റിയെ അറിയിക്കുന്നതിൽ പരാജയപ്പെടുന്നതും കുറ്റകരമാണ്.
രേഖകൾ ശരിയായി സൂക്ഷിക്കുന്നതിലോ ആവശ്യമായ രേഖകളും നികുതി നിയമത്തിൽ വ്യക്തമാക്കിയ മറ്റ് വിവരങ്ങളും സമർപ്പിക്കുന്നതിലും പരാജയപ്പെട്ടാലും പിഴ ചുമത്തും. കൂടുതൽ വിവരങ്ങൾക്ക് https://mof.gov.ae/tax-legislation/ എന്ന വെബ്സൈറ്റ് സന്ദർശിക്കാം. യുഎഇയിൽ കോർപ്പറേറ്റ് നികുതി ചടങ്ങൾ പാലിക്കുന്നത് നികുതി വിധേയരായ എല്ലാ വ്യക്തികളുടെയും ഉത്തരവാദിത്തമാണെന്ന് ധനമന്ത്രാലയം അണ്ടർ സെക്രട്ടറി യൂനിസ് ഹാജി അൽ ഖൂരി പറഞ്ഞു.