മികച്ച ടൂറിസം സേവനങ്ങളും സൗകര്യങ്ങളും നൽകുന്നത് ദുബായിയുടെ വിജയത്തിന് പ്രധാനമാണെന്ന് ദുബായ് ഭരണാധികാരി. ദുബായിലെ പൊതു-സ്വകാര്യ മേഖലകളുടെ ശക്തമായ പങ്കാളിത്തത്തോടെയാവണം മികച്ച ടൂറിസം വാഗ്ദാനം ചെയ്യേണ്ടതെന്നും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.
ദുബായിലെ ആദ്യത്തെ ലംബമായ നഗര റിസോർട്ടായ വൺ ആൻഡ് ഒൺലി വൺ സഅബീൽ സന്ദർശിച്ച വേളയിലാണ് ദുബായുടെ ടൂറിസത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. സമീപ വർഷങ്ങളിൽ സന്ദർശകരുടെ എണ്ണം വർധിച്ചതിതോടെ ദുബായുടെ സാമ്പത്തിക മേഖലയിൽ ഗണ്യമായ വളർച്ച ഉണ്ടായെന്നും അദ്ദേഹം എടുത്തു പറഞ്ഞു.
ദുബായ് സാമ്പത്തിക അജണ്ട D33 ന്റെ ലക്ഷ്യം കൈവരിക്കുന്നതോടെ ലോകത്തെ ഏറ്റവും മികച്ച മൂന്ന് നഗര സമ്പദ്‌വ്യവസ്ഥകളിലൊന്നായി നഗരത്തെ മാറ്റുന്നതിനുള്ള ശ്രമങ്ങൾക്ക് ശക്തികൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ഷെയ്ഖ് മുഹമ്മദിനൊപ്പം ഉണ്ടായിരുന്നു.