ഷാർജ എമിറേറ്റ്സിലെ റിയൽ എസ്റ്റേറ്റ് നിയമത്തിൽ നിര്‍ണായ മാറ്റം. ഇനി മുതല്‍ പ്രവാസികൾക്കും ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാന്‍ അവസരം. ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ഭേദഗതി പ്രഖ്യാപിച്ചത്.
യു.എ.ഇ സ്വദേശികൾക്കും, ജി.സി.സി പൗരൻമാർക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്ന നിയമമാണ് പ്രവാസികൾക്കും അനുകൂലമാക്കിയത്. മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് പ്രവാസികൾക്ക് ഭൂമിയും കെട്ടിടങ്ങളും സ്വന്തമാവുക. ഇത് സംബന്ധിച്ച വിശദാംശങ്ങളും പുറത്തുവന്നു. നാല് മാര്‍ഗ്ഗങ്ങളിലൂടെയാണ് പ്രവാസികൾക്ക് സ്വന്തം പേരിൽ ഭൂസ്വത്തുക്കൾ ലഭ്യമാവുക.
ഷാർജ ഭരണാധികാരിയുമായി ഉണ്ടാക്കുന്ന കരാറിന്റെ അടിസ്ഥാനത്തിനാണ് പ്രവാസികൾക്ക് റിയൽഎസ്റ്റേറ്റ് വസ്തുക്കൾ സ്വന്തമാക്കാന്‍ കഴിയുക. പരമ്പരാഗത സ്വത്ത് എന്ന നിലയിലും പ്രവാസികൾക്ക് വസ്തുവകകൾ സ്വന്തം പേരിലാക്കാം. എക്‌സിക്യൂട്ടീവ് റെഗുലേഷൻ നിശ്ചയിച്ച പ്രകാരം ഉടമയുടെ ഏറ്റവും അടുത്ത പ്രവാസി ബന്ധുവിനും സ്വത്ത് കൈമാറ്റം നടത്താന്‍ കഴിയും.
ഷാർജ കൗൺസിൽ നിർദേശിച്ച പ്രത്യേക റിയൽഎസ്റ്റേറ്റ് വികസന മേഖലകൾ, പദ്ധതികൾ എന്നിവയിലും പ്രവാസികൾക്ക് ഭൂസ്വത്തുക്കൾ വാങ്ങാന്‍ അവസരമുണ്ട്. എന്നാല്‍ ഭൂസ്വത്തിന്റെ ഉടമാവകാശം, ഓഹരികൾ, പേര് എന്നിവയിൽ അനുമതിയില്ലാതെ മാറ്റം വരുത്താന്‍ അവകാശമില്ല. ഇക്കാര്യങ്ങൾ റിയൽ എസ്റ്റേറ്റ് രജിസ്‌ട്രേഷൻ ഡിപ്പാർട്ടുമെന്റിനെ യഥാസമയം അറിയിക്കുകയും അനുമതി വാങ്ങുകയും വേണമെന്ന് നിയമഭേദഗതി വ്യക്തമാക്കുന്നു.