ദുബായിലെ തിരക്കേറിയ വഴിയില്‍ വീണുകിടന്ന ഇഷ്ടികകൾ എടുത്തുമാറ്റി വൈറലായ ഡെലിവറി ബോയ് അബ്ദുൾ ഗഫൂര്‍ കാത്തിരുന്ന ആ നിമിഷം വന്നെത്തി. തന്നെ കാണാന്‍ ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ നേരിട്ടെത്തി. വിദേശ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ശൈഖ് ഹംദാന്‍ പാകിസ്ഥാന്‍ സ്വദേശിയായ അബ്ദുൾ ഗൾഫൂറിനെ സന്ദര്‍ശിക്കുകയായിരുന്നു.
ആരും പിന്തുടരേണ്ട യഥാര്‍ത്ഥ മാത്യകയാണ് അബ്‌ദുൾ ഗഫൂറെന്നും അദ്ദേഹത്തെ കണ്ടുമുട്ടിയതിൽ ആദരവെന്നും കൂടിക്കാഴ്ചയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ട് ശൈഖ് ഹംദാന്‍ കുറിച്ചു.
ദിവസങ്ങൾക്ക് മുമ്പാണ് അബ്ദുൾ ഗഫൂര്‍ സോഷ്യല്‍ മീഡിയയിലെ താരമായത്. ജോലിക്കിടെ അൽഖൂസിലെ തിരക്കേറിയ കവലയിൽ ട്രാഫിക് സിഗ്നല്‍ കാത്തുനില്‍ക്കുമ്പോഴാണ് തന്‍റെ ജീവിതം മാറിമറിയുന്ന സംഭവമുണ്ടായത്. റോഡില്‍ അപകടമുണ്ടാക്കും വിധം വീണുകിടന്ന ഇഷ്ടികകൾ തിരക്കിട്ട് എടുത്തുമാറ്റുകയും ഓടിമാറുകയും ചെയ്യുന്ന അബ്ദുൾ ഗഫൂറിന്‍റെ ദ്യശ്യങ്ങൾ ആരോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഇടുകയായിരുന്നു.
ദൃശ്യങ്ങൾ ശൈഖ് ഹംദാന്‍റെ ശ്രദ്ധയില്‍പെട്ടതോടെ ആരാണീ മനുഷ്യന്‍ എന്നദ്ദേഹം സോഷ്യല്‍ മീഡിയയില്‍ ചോദിച്ചു. ആളെ തിരിച്ചറിഞ്ഞവര്‍ മിനിറ്റുകൾക്കകം മറുപടി നല്‍കി. ഒടുവില്‍ ആ നല്ല മനുഷ്യനെ കണ്ടെത്തിയെന്ന് ശൈഖ് ഹംദാന്‍ കുറിച്ചു. പിന്നീട് അബ്ദുൾ ഗഫൂറുമായി ഫോണില്‍ സംസാരിക്കുകയും വിദേശത്തുനിന്ന് മടങ്ങിയെത്തിയ ശേഷം നേരില്‍ കാണാമെന്ന് അറിയിക്കുകയുമായിരുന്നു.
ഇതിനിടെ അബ്ദുൾ ഗഫൂര്‍ ജോലിയെടുക്കുന്ന സ്ഥാപനം അദ്ദേഹത്തിനെ ആദരിക്കുകയും നാട്ടിലേക്ക് മടങ്ങാനും കുടുംബാഗങ്ങളെ കാണാനും അവസരമൊരുക്കിയിരുന്നു. ശൈഖ് ഹംദാനെ കാണാനായതിന്‍റെ സന്തോഷവും മാധ്യമങ്ങളിലൂടെ അബ്ദുൾ ഗഫൂര്‍ പ്രകടിപ്പിച്ചു.