അവസാന നിമിഷം ലെയ്നുകൾ മറികടന്ന് റോഡിന് പുറത്ത് കടക്കാനുള്ള ശ്രമത്തിനിടെ ഉണ്ടായ അപകടത്തിന്റെ ദൃശ്യം സമൂഹമാധ്യമത്തിൽ പങ്കുവച്ച് അബുദാബി പൊലീസിന്‍റെ മുന്നറിയിപ്പ്. അബുദാബിയിലെ റോഡുകളിൽ അമിതവേഗത്തിൽ വാഹനമോടിച്ചാൽ 1,000 ദിർഹം പിഴയും നാല് ട്രാഫിക് ബ്ലാക്ക് പോയിന്റുകളും ലഭിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. ലെയ്ൻ അച്ചടക്കം പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ 400 ദിർഹം പിഴയും ചുമത്തും.
യുഎഇയിൽ ഓരോ വർഷവും മാരകമായ അപകടങ്ങൾ ഉണ്ടാകാനുള്ള ഏറ്റവും വലിയ കാരണങ്ങളിൽ ഒന്നാണ് പെട്ടെന്നുള്ള ഈ തെന്നിമാറൽ. അശ്രദ്ധമായ ഡ്രൈവിങ്, മറ്റ് വാഹനങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാതിരിക്കൽ എന്നിവ അപകടങ്ങൾ ഉണ്ടാവാനുള്ള പ്രധാന കാരണങ്ങളാണ്.
റോഡിന്റെ മധ്യത്തിലെ ലെയ്നിലുണ്ടായ വാഹനം അവസാന നിമിഷം അപകടകരമാവും വിധം ഏറ്റവും ഒടുവിലത്തെ ലെയ്നില്‍ പ്രവേശിച്ച് എക്സിറ്റിന് ശ്രമിക്കുമ്പോൾ കെർബിങ്ങിൽ ഇടിച്ച് മറിയുന്നതാണ് ആദ്യ വിഡിയോയിലുള്ളത്. തൊട്ടടുത്തുള്ള വാഹനവുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുമ്പോഴായിരുന്നു കാർ കെർബിങ്ങിൽ ഇടിച്ചത്. ഇത് വലിയ ഗതാഗതക്കുരുക്കിനും വഴിയൊരുക്കി.
രണ്ടാമത്തെ വീഡിയോയിൽ ഒരു ഡ്രൈവർ ഒരേസമയം മൂന്ന് വരികൾ മുറിച്ചുകടന്ന് എക്സിറ്റെടുക്കാൻ ശ്രമിക്കുമ്പോൾ ആയിരുന്നു അപകടമുണ്ടായത്. 2022 ൽ യുഎഇ റോഡുകളിൽ 65 ശതമാനം മരണങ്ങൾക്കും കാരണമായ അഞ്ച് തരം ലംഘനങ്ങളിൽ ഉൾപ്പെടുന്നവയാണ് ഇത്. ശ്രദ്ധ തെറ്റിയ ഡ്രൈവിങ്, പെട്ടെന്നുള്ള വ്യതിയാനം അല്ലെങ്കിൽ ലെയ്ൻ മാറൽ, നിരോധിത പദാർത്ഥത്തിന്റെ സ്വാധീനത്തിൽ വാഹനമോടിക്കൽ, നിശ്ചിത അകലം പാലിക്കാതെയുള്ള ഡ്രൈവിങ് എന്നിവയാണ് മറ്റ് നിയമ ലംഘനങ്ങൾ.