യുഎഇയിൽ സ്വദേശിവൽക്കരണ പദ്ധതിയായ നാഫിസിൽ പരിശീലനത്തിനെത്തിയ എമിറാത്തി യുവാക്കളെ ഭീഷണിപ്പെടുത്തുകയും പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്ത കമ്പനി ഉടമ അറസ്റ്റിലായി. തൊഴിലന്വേഷകരായ യുവാക്കളിൽ നിന്ന് വ്യവസായി പണം ആവശ്യപ്പെടുകയും അനുസരിച്ചില്ലെങ്കിൽ പരിശീലനത്തിൽ കുറഞ്ഞ ഗ്രേഡുകൾ നൽകുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
പരിശീലന പദ്ധതിയിലെ 296 യുഎഇ പൗരന്മാർ ഇരകളായെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. ഉദ്യോഗാര്‍ത്ഥികൾ നല്കുന്ന പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ളതാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇ-കൊമേഴ്സ്, സ്റ്റോക്ക് ട്രേഡിംഗിൽ എമിറാത്തി തൊഴിലന്വേഷകർക്ക് പരിശീലനം നൽകുന്നതിനായി നഫീസ് പ്രോഗ്രാമിന് കീഴിലാണ് സ്ഥാപനം രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
സ്വദേശികളെ പരിശീലിപ്പിക്കുന്നതിലൂടെ യുഎഇ സർക്കാര്‍ നല്കുന്ന ആനുകൂല്യം കൈപ്പറ്റാനും കമ്പനി ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഓരോ ഉദ്യോഗാർത്ഥികളിൽ നിന്നും ഇയാൾ എത്ര പണം വാങ്ങാറുണ്ടെന്നും എല്ലാ ട്രെയിനികളും പരാതി നൽകിയിരുന്നോ എന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
പരിശീലന പരിപാടി വിജയകരമായി പൂർത്തിയാക്കുന്ന എമിറാത്തി പൗരന്മാരെ സ്വകാര്യ മേഖലയിലെ ജോലികളിൽ നിയമിക്കുകയാണ് ചെയ്യുക. യുഎഇയുടെ സ്വദേശിവത്കരണ പദ്ധതി പ്രകാരം 50 ജീവനക്കാരിൽ കൂടുതലുള്ള കമ്പനികൾ വർഷത്തിൽ 2% സ്വദേശിവൽക്കരണം നടപ്പാക്കണമെന്നാണ് നിയമം.
സ്വകാര്യമേഖലയിൽ ജോലി ചെയ്യാൻ സന്നദ്ധരാകുന്ന സ്വദേശികൾക്കും ജോലിയും പരിശീലനവും നൽകാൻ തയാറാകുന്ന കമ്പനികൾക്കും നാഫിസിൽ റജിസ്റ്റർ ചെയ്യാമെന്നും അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ വർഷം നിയമം ലംഘിച്ച 20 സ്ഥാപനങ്ങളുടെ വിവരങ്ങൾ നടപടിക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയവും അറിയിച്ചു.