കിടിലൻ കരിമരുന്ന് കലാപ്രകടനവുമായി അതിഗംഭീരമായി പുതുവർഷം ആഘോഷിച്ച് അബുദാബി. 5,000 UAV-കൾ ഉൾക്കൊള്ളുന്ന അതിശയിപ്പിക്കുന്ന 30 മിനിറ്റ് ഡ്രോൺ പ്രദർശനത്തോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്.
തുടർന്ന് 40 മിനിറ്റ് നീണ്ട കരിമരുന്ന് പ്രകടനം സന്ദർശകരെ വിസ്മയിപ്പിച്ചു. പുതുവത്സര ആഘോഷങ്ങളിൽ പങ്കുചേരാൻ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി ജനങ്ങൾ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിലേക്ക് ഒഴുകിയെത്തി.
യു.എ.ഇയിലെ പ്രധാന പാർക്കുകളിലും ബീച്ചുകളിലും വിനോദകേന്ദ്രങ്ങളിലും ഞായറാഴ്ച വൻ തിരക്കാണ് അനുഭവപ്പെട്ടത്. തിങ്കളാഴ്ച പുലർച്ച ഒരുമണിവരെ വിനോദകേന്ദ്രങ്ങളിലും പൊതുപാർക്കുകളിലും സന്ദർശനത്തിന് ദുബായ് മുനിസിപ്പാലിറ്റി അനുമതി നൽകിയിരുന്നു. ബുർജ് ഖലീഫയിലെ ആഘോഷങ്ങളിലും പതിനായിരങ്ങൾ പങ്കെടുത്തു.