ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്കിൽ എൻഎംസി ഹെൽത്ത് കെയർ ഗ്രൂപ്പിൻ്റെ പുതിയ ആശുപത്രി തുറന്നതായി ദുബായ് ഹെൽത്ത് അതോറിറ്റി. ഡിഎച്ച്എ ഡയറക്ടർ ജനറൽ അവാദ് സെഗായർ അൽ കെത്ബി ആശുപത്രി ഉദ്ഘാടനം ചെയ്തു. പുതിയ ആശുപത്രിയിൽ 67 കിടക്കകളാണുളളത്.
നാല് ഓപ്പറേഷൻ തിയറ്ററുകൾ, ഏഴ് അൾട്രാ മോഡേൺ ഐസിയു കിടക്കകൾ, അഞ്ച് ഡയാലിസിസ് മുറികൾ, ഡേ കെയർ സർജറി യൂണിറ്റുകൾ എന്നിവ ഉൾപ്പെടുന്നതാണ് ചികിത്സ സൌകര്യങ്ങൾ. ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ്, പ്ലാസ്റ്റിക് സർജറി, പൾമണോളജി, യൂറോളജി, ഇന്റേണൽ മെഡിസിൻ, നെഫ്രോളജി, ക്രിട്ടിക്കൽ കെയർ, മെഡിസിൻ എന്നീ മേഖലകളിലും മികച്ച സേവനമുണ്ട്.
250ൽ അധികം തൊഴിൽ അവസരങ്ങളും നിലവിലുണ്ട്. ഉദ്ഘാടന ചടങ്ങിൽ ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക് ജനറൽ മാനേജർ ഒമർ അൽ മെസ്മർ, എൻഎംസി ഹെൽത്ത് കെയർ ഗ്രൂപ്പ് സിഇഒ ഡേവിഡ് ഹാഡ്ലി, ഗ്രൂപ്പിലെ നിരവധി ഡോക്ടർമാരും ഉദ്യോഗസ്ഥരും പങ്കെടുത്തു. ദുബായിലെ പൊതു-സ്വകാര്യ ആരോഗ്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തത്തിന്റെ പ്രാധാന്യവും അധികൃതർ വിശദീകരിച്ചു.