അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 45 കോടിയോളം രൂപ (20 ദശലക്ഷം ദിർഹം) വരുന്ന സമ്മാനം മലയാളി നഴ്സ് സ്വന്തമാക്കി. അബുദാബിയിൽ ജോലി ചെയ്യുന്ന ലൗലി മോൾ അച്ചാമ്മയ്ക്കാണ് സമ്മാനം ലഭിച്ചത്. 21 വർഷമായി അബുദാബിയിൽ കുടുംബസമേതം താമസിക്കുകയാണ് ലൗലി. ഇപ്പോൾ ഭർത്താവ് മക്കളെ ഉപരിപഠനത്തിന്റെ ആവശ്യങ്ങൾക്കായി നാട്ടിലാണുള്ളത്. അദ്ദേഹം എല്ലാ മാസവും ബിഗ് ടിക്കറ്റ് എടുക്കാറുണ്ടെന്നും ലൗലി പറഞ്ഞു.
അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ഇൻ സ്റ്റോർ കൗണ്ടറിൽ നിന്ന് യാത്രയ്ക്കിടെയാണ് പലപ്പോഴായി ഇവർ ടിക്കറ്റെടുത്തിരുന്നത്. കൂടാതെ സമ്മാനത്തുക ഭർതൃ സഹോദരനുമായി പങ്കിടുമെന്നും ലൗലി കൂട്ടിച്ചേർത്തു.
അതേസമയം സമ്മാനത്തുകയുടെ ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റി വയ്ക്കും. മക്കളുടെ വിദ്യാഭ്യാസമാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമന്നും അവർ വ്യക്തമാക്കി. ഇതോടനുബന്ധിച്ച് നടന്ന മറ്റു നറുക്കെടുപ്പുകളിൽ നാല് ഇന്ത്യക്കാർക്ക് കൂടി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, തുർക്കി, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മറ്റ് വിജയികൾ.