തുറമുഖ വ്യവസായത്തിലെ നൂതനത്വത്തിനും സുസ്ഥിരതയ്ക്കുമുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തി ജബൽ അലി പോർട്ടിൽ ഹപാഗ്-ലോയിഡിൻ്റെ ബെർലിൻ എക്‌സ്പ്രസ് അൾട്രാ ലാർജ് ഡ്യുവൽ-ഫ്യുവൽ കണ്ടെയ്‌നർ കപ്പലിനെ സ്വാഗതം ചെയ്തു. 23,600 ടിഇയു ശേഷിയുള്ള അത്യാധുനിക കപ്പലിൻ്റെ കന്നിയാത്രയാണിത്.
ഹപാഗ്-ലോയിഡ് ഷിപ്പിംഗ് ലൈൻ ഓർഡർ ചെയ്ത 12 ഇരട്ട-ഇന്ധന കപ്പലുകളിൽ ആദ്യത്തേതാണ് ബെർലിൻ എക്‌സ്പ്രസ്. പ്രധാനമായും ദ്രവീകൃത പ്രകൃതി വാതകത്തിലാണ് പ്രവർത്തിക്കുന്നത്. പരമ്പരാഗത മറൈൻ ഡീസലിനേക്കാൾ ശേഷി കൂടൂതലാണിതിന്. എന്നാൽ പരമ്പരാഗത ഇന്ധനത്തിൽ പ്രവർത്തിക്കാനുളള സജ്ജീകരണവും കണ്ടെനർ ഷിപ്പിൽ ഒരുക്കിയിട്ടുണ്ട്.
ഷിപ്പിംഗ് രംഗത്തെ ആഗോള വ്യാപാര കേന്ദ്രമെന്ന നിലയിൽ യുഎഇയുടെ സ്ഥാനം ഉറപ്പിക്കുന്ന നാഴികകല്ലാണിതെന്ന് അധികൃതർ സൂചിപ്പിച്ചു. 180-ലധികം ഷിപ്പിംഗ് ലൈനുകളിലേക്ക് സമാനതകളില്ലാത്ത കണക്റ്റിവിറ്റിയാണ് ജബൽ അലി തുറമുഖത്തുളളതെന്ന് ഡിപി വേൾഡ് യുഎഇയിലെ തുറമുഖ & ടെർമിനൽസ് ഡിവിഷനിലെ എസ്‌വിപിയും സിഒഒയുമായ ജൂസ്റ്റ് ക്രൂയ്‌നിംഗ് പറഞ്ഞു.
TEU കപ്പാസിറ്റിയും 400 മീറ്റർ നീളവുമുള്ളതാണ് കപ്പൽ. ജർമ്മൻ പതാകയ്ക്ക് കീഴിൽ സഞ്ചരിക്കുന്ന ഏറ്റവും വലിയ കപ്പലാണിത്. എൽഎൻജിയുടെ ഉപയോഗം കാർബൺ ഉദ്‌വമനം 25% വരെയും സൾഫർ ഡയോക്‌സൈഡും സൂക്ഷ്മകണിക ഉദ്‌വമനം 90%-ലധികവും കുറയ്ക്കാൻ സഹായിക്കുമെന്നും തുറമുഖ അധികൃതർ സൂചിപ്പിച്ചു.