യുഎ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ കൂടിക്കാഴ്ച നടത്തി. അബൂദബിയിലുള്ളതന്റെ താമസ സ്ഥലത്തുവെച്ചായിരുന്നു കൂടിക്കാഴ്ച. ഇരു രാഷ്ട്രങ്ങളും തമ്മിൽ നിലനിൽക്കുന്ന ശക്തമായ സാഹോദര്യ ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ഇരുവരും ചർച്ച ചെയ്തു. കൂടാതെ യുഎഇ പ്രസിഡന്റിന്റെ പ്രതിനിധിയായിരുന്ന ശൈഖ് സയീദ് ബിൻ സായിദ് ആൽ നഹ്യാന്റെ നിര്യാണത്തിൽ ഹമദ് രാജാവ് അനുശോചനവും ദുഃഖവും രേഖപ്പെടുത്തി.
കൂടാതെ ശൈഖ് സയീദിന്റെ പരലോക മോക്ഷത്തിനായി പ്രാർഥിക്കുകയും അദ്ദേഹത്തിന്റെ വേർപാടിൽ പ്രയാസമനുഭവിക്കുന്ന കുടുംബത്തിന് ക്ഷമയും സഹനവും പ്രദാനം ചെയ്യട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. ഹമദ് രാജാവിന്റെ ദീർഘായുസ്സിനും ആരോഗ്യത്തിനുമായി പ്രാർഥിച്ച യുഎഇ പ്രസിഡന്റ് ബഹ്റൈൻ ജനതക്ക് ക്ഷേമവും സന്തോഷവും ആശംസിച്ചു.
ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയിൽ യുവജന, ചാരിറ്റി കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ, യുവജന-കായികകാര്യ സുപ്രീം കൗൺസിൽ ഒന്നാം ഡെപ്യൂട്ടി ചെയർമാൻ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ എന്നിവരെ കൂടാതെ ഉയർന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. അതേസമയം യുഎഇ പ്രസിഡന്റിനോടൊപ്പം ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ ആൽ നഹ്യാൻ എന്നിവരും ഉണ്ടായിരുന്നു.