ഇന്ത്യൻ നഗരങ്ങളിലേക്കും തിരിച്ചും കുറഞ്ഞ ചിലവിൽ വിമാന സർവീസുകൾ ആരംഭിക്കുന്നതിന് ഫുജൈറ രാജ്യാന്തര വിമാനത്താവളം എയൽലൈനുകളെ സ്വാഗതം ചെയ്തു. സർവീസ് നടത്താൻ താൽപര്യമുള്ള ഏത് എയർലൈൻ കമ്പനിയ്ക്കും വിമാനത്താവളവുമായി ബന്ധപ്പെടാം. കൂടാതെ കമ്പനികൾക്ക് പുറമെ സർക്കാരുകളുമായും ഫുജൈറ വിമാനത്താവളം കൈകോർക്കും. റഗുലർ സർവീസിനു പുറമെ ചാർട്ടേഡ് സർവീസിനും വിമാനത്താവളം ലഭ്യമാക്കുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
പ്രവാസികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനുള്ള ബദൽ മാർഗങ്ങളിൽ ഒന്നാണ് പുതിയ വാഗ്ദാനം. അതേസമയം യുഎഇയിലെ ഏത് എമിറേറ്റിലേക്കും എത്തിപ്പെടാനുള്ള വാഹന സൗകര്യമടക്കം ഉറപ്പാക്കിയ ശേഷമാണ് വിമാന സർവീസുകൾ തുടങ്ങാൻ കമ്പനികളെ ക്ഷണിച്ചിരിക്കുന്നത്. ദുബായ്, അജ്മാൻ, ഫുജൈറ, ഷാർജ, റാസൽഖൈമ, ഉമ്മുൽഖുവൈൻ എമിറേറ്റുകളിൽ നിന്നുള്ള പ്രവാസികൾക്ക് നാട്ടിലേക്കും തിരിച്ചും കുറഞ്ഞ ചെലവിൽ വിമാന സർവീസ് യാഥാർഥ്യമാക്കാനുള്ള ഈ പദ്ധതിയിലെ കേരളവുമായി കൈകോർക്കാൻ ഒരുക്കമാണെന്നും ഫുജൈറ രാജ്യാന്തര വിമാനത്താവളം ജനറൽ മാനേജർ ഇസ്മായിൽ അൽ ബലൂഷി പറഞ്ഞു.
ഇപ്പോൾ ഫുജൈറ വിമാനത്താവളം വഴി കേരളത്തിലേക്കുള്ള കുറഞ്ഞ ചെലവിൽ വിമാന സർവീസ് നടത്തുന്നത് ഒമാന്റെ ഉടമസ്ഥതയിലുള്ള സലാം എയർ മാത്രമാണ്. യാത്രയ്ക്കായ് രണ്ടാഴ്ച മുൻകൂട്ടി ബുക്ക് ചെയ്താൽ 450 ദിർഹത്തിന് (ഏകദേശം 10000 രൂപ) തിരുവനന്തപുരത്തേക്കു പോകാൻ കഴിയും. ഇന്ത്യൻ നഗരങ്ങളായ ലക്നൗ, ജയ്പൂർ എന്നിവിടങ്ങളിലേക്കും സലാം എയർ സർവീസ് നടത്തുന്നുണ്ട്.
ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ്, സ്പൈസ് ജെറ്റ്, ആകാശ എന്നീ കമ്പനികളുമായി ഫുജൈറ വിമാനത്താവള അധികൃതർ ഇതിനോടകം ചർച്ചകൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. അതേസമയം സർവീസുമായി ബന്ധപ്പെട്ട് എയർ ഇന്ത്യാ അധികൃതർ ഫുജൈറ വിമാനത്താവളം സന്ദർശിച്ചിരുന്നു. എല്ലാ കമ്പനികളും സർവീസ് തുടങ്ങുന്നതിൽ താൽപര്യം പ്രകടിപ്പിച്ചതായി ഓപ്പറേഷൻസ് മാനേജർ പുരുഷോത്തമൻ വൈദ്യനാഥൻ അറിയിച്ചു.
വിമാനത്താവളത്തിലെ ചെലവുകൾ പരമാവധി കുറയ്ക്കും എന്നതാണ് കമ്പനികൾക്ക് നൽകിയിരിക്കുന്ന വാഗ്ദാനം. അതേസമയം ഇന്ത്യയിൽ നിന്നും ഷാർജ, ദുബായ്, അബുദാബി വിമാനത്താവളങ്ങളിലേക്ക് സർവീസ് നടത്തുന്ന വിമാനങ്ങൾ പോകുന്നത് ഫുജൈറയ്ക്കു മുകളിലൂടെയാണ്. ഇവ ഫുജൈറയിൽ ഇറങ്ങിയാൽ ദൂരം കുറയ്ക്കാമെന്നതു പോലെ വിമാനങ്ങൾക്ക് ഇന്ധനത്തിലും ലാഭമുണ്ടാക്കാൻ സാധിക്കും.