അസ്ഥിര കാലാവസ്ഥ തുടരുന്നതിനാല്‍ യുഎഇയില്‍ ചില വിമാന സര്‍വ്വീസുകളില്‍ മാറ്റം. ചില വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ടെന്ന് ബജറ്റ് കാരിയറായ ഫ്ലൈ ദുബായ് വ്യക്തമാക്കി. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടും മുമ്പ് വിമാനത്തിന്റെ സമയമാറ്റം സംബന്ധിച്ച് ഉറപ്പാക്കണമെന്നും ഫ്ലൈ ദുബായ് അറിയിച്ചു.
വിമാനങ്ങളുടെ സമയക്രമം ഫ്ലൈ ദുബായുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും കമ്പനി ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച വവിരങ്ങൾ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജ് വഴിയും കമ്പനി യാത്രക്കാരെ അറിയിക്കുന്നുണ്ട്.
അതേസമയം ന്യൂനമര്‍ദ്ദ ഭീഷണി ഒഴിവായെങ്കിലും യുഎഇയില്‍ പൊടിക്കാറ്റ് തുടരുകയാണ്. ദൂരക്കാഴ്ചയെ സാരമായി ബാധിക്കും വിധം പൊടിക്കാറ്റ് വീശുന്നുണ്ട്. 45 കിലോമീറ്റര്‍ വേഗതിയില്‍ കാറ്റുവീശുന്നത് തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. അതുകൊണ്ട് തന്നെ വിമാനത്താവളത്തിലേക്ക് എത്തുന്നവര്‍ക്ക് കൂടുതല്‍ യാത്ര സമയം വേണ്ടവരുമെന്നും ഫ്ളൈ ദുബായ് അറിയിച്ചു.
കഴിഞ്ഞദിവസം മഴയും പൊടിക്കാറ്റും ശക്തമായിരുന്നതിനാല്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താളത്തിലെ പത്ത് വിമാനങ്ങൾ സമീപ വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു. ദൃശ്യപരത 500 മീറ്ററില്‍ താഴെയായതും വിമാനസര്‍വ്വീസുകളെ ബാധിച്ചു.