തുർക്കി പ്രസിഡൻ്റ് റജബ് തയ്യിബ് എർദോഗൻ യുഎഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ഒരു തുർക്കി നിർമ്മിത ഇലക്ട്രിക് കാർ സമ്മാനിച്ചു. എർദോഗൻ്റേ യുഎഇ സന്ദർശനത്തിൻ്റെ ഭാഗമായാണ് ടോഗ് കമ്പനിയുടെ കാർ സമ്മാനിച്ചത്.
ഇരു രാജ്യങ്ങളെയും ഒന്നിപ്പിക്കുന്ന ശക്തമായ ബന്ധത്തിലുള്ള പ്രതീകമായാണ് ടോഗ് ഇലക്ട്രിക് കാർ സമ്മാനിച്ചത്. ഉദാരമായ ആംഗ്യത്തിന് തുർക്കി പ്രസിഡൻ്റിനോട് ശൈഖ് മുഹമ്മദ് അഭിനന്ദനം അറിയിക്കുകയും ചെയ്തു. എർദോഗൻ്റെ അകമ്പടിയോടെ ശൈഖ് മുഹമ്മദ് കാസർ അൽ വതൻ്റെ അങ്കണത്തിൽ കാർ ഓടിക്കുകയും സവിശേഷതകളും പാരിസ്ഥിതിക യോഗ്യതകളും മനസ്സിലാക്കുകയും ചെയ്തു.
അതേസയമം ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎഇയുടെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് സായിദ് പുരസ്കാരം നൽകിയാണ് എർദോഗനെ ആദരിച്ചത്. യുഎഇ നൽകുന്ന ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയാണിത്. യുഎഇയുടെ സ്ഥാപക പിതാവായ പരേതനായ ശൈഖ് സായിദിൻ്റെ പേരിലാണ് പുരസ്‌കാരം.
കഴിഞ്ഞ ദിവസം സൌദി സന്ദർശന വേളയിൽ എർദോഗൻ സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് സൽമാനും ടോഗ് കാറുകൾ സമ്മാനിച്ചിരുന്നു. ഖത്തർ സന്ദർശനവേളയിൽ ഖത്തർ അമീറിനും കാർ സമ്മാനമായി നൽകി.