യുഎഇയുടെ സ്വദേശിവത്കരണ പരിപാടിയുടെ ഭാഗമായി പൗരന്മാരെ തെറ്റിദ്ധരിപ്പിക്കുന്ന തൊഴിൽ പരസ്യങ്ങൾ പോസ്റ്റുചെയ്യുന്നതിനും അവിദഗ്ധ തസ്തികകൾ വാഗ്ദാനം ചെയ്യുന്നതിനും കുറഞ്ഞ ശമ്പളം വാഗ്ദാനം ചെയ്യുന്നതിനുമെതിരെ സ്വകാര്യ കമ്പനികൾക്ക് മുന്നറിയിപ്പ്. സ്വകാര്യ മേഖലയിലെ പ്രാദേശിക തൊഴിലാളികളെ ശക്തിപ്പെടുത്തുന്നതിനുള്ള നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥരുടെ പരിശോധനകൾ വർദ്ധിപ്പിക്കും.
പുതുവര്‍ഷത്തില്‍ പരിശോധന
2023 ജനുവരി ഒന്നിനകം അമ്പതിൽ കൂടുതൽ ജീവനക്കാരുള്ള സ്വകാര്യ കമ്പനികളില്‍ 2 ശതമാനം സ്വദേശി ജീവനക്കാരെ ഉറപ്പാക്കണമെന്നാണ് നിര്‍ദ്ദേശം. നാല് വർഷത്തിനുള്ളിൽ യുഎഇ പൗരന്മാരുടെ എണ്ണം 10 ശതമാനമായി ഉയർത്തുന്നതിനാണ് സർക്കാർ തീരുമാനം. നിയമലംഘനം നടത്തുന്ന കമ്പനികൾക്ക് കനത്ത പിഴകൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്.
നിയന്ത്രണങ്ങൾ വിശദമാക്കി പ്രമേയം
പദ്ധതി നടപ്പാക്കുന്നതിന്‍റെ ഭാഗമായി പരസ്യം, നഷ്ടപരിഹാരം, പരിശീലനം തുടങ്ങി സ്വകാര്യമേഖല കമ്പനികൾ സ്വീകരിക്കേണ്ടതും നടപ്പിലാക്കേണ്ടതുമായ വിവരങ്ങൾ വ്യക്തമാക്കി ഔദ്യോഗിക പ്രമേയം മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം ഞായറാഴ്ച പുറത്തിറക്കി. നിയമലംഘകര്‍ക്കുളള പിഴ വിവരങ്ങളും ഇതര മാനദണ്ഡങ്ങളും പ്രമേയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എമിറേറ്റൈസേഷൻ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങളെന്ന് മന്ത്രാലയം പറഞ്ഞു.
തെറ്റിധരിപ്പിച്ചാല്‍ നടപടി
യുഎഇ പൗരന്മാർക്കായി തൊഴില്‍ പരസ്യം ചെയ്യുമ്പോൾ കമ്പനികൾ മന്ത്രാലയത്തിൽ നിന്ന് അംഗീകാരം നേടിയിട്ടില്ലെങ്കിൽ സർക്കാരിന്റെ എമിറേറ്റൈസേഷൻ നയങ്ങളും പിന്തുണയും ആനുകൂല്യങ്ങളും പരാമർശിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. അതേസമയം 2022ലെ മന്ത്രിതല പ്രമേയം നമ്പർ 663 പ്രകാരം യഥാർത്ഥ തൊഴിലവസരങ്ങൾ, അവിദഗ്ധ ജോലികളുടെ പ്രഖ്യാപനങ്ങൾ, സർക്കാർ സബ്‌സിഡികൾ, ഇൻസെന്റീവുകൾ എന്നിവയെക്കുറിച്ചുള്ള പരാമർശങ്ങൾ പ്രതിഫലിപ്പിക്കാത്ത തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.