വിദേശയാത്ര സുഗമമാക്കാന്‍ എമിറേറ്റ്സ് ഐ.ഡി കയ്യില്‍ കരുതണമെന്ന അറിയിപ്പുമായി യുഎഇ. തൊഴില്‍ വിസ എമിറേറ്റ്സ് ഐ.ഡിയില്‍ ലിങ്ക് ചെയ്തവരാണ് യാത്രാ വേളയില്‍ എമിറേറ്റ്സ് ഐ.ഡി കയ്യില്‍ കരുതേണ്ടതെന്നും അറിയിപ്പ്. എന്നാല്‍ പാസ്പോര്ട്ടില് സാധുതയുളള വിസ പതിച്ചവര്‍ക്ക് എമിറേറ്റ്സ് ഐ.ഡി നിര്‍ബന്ധമില്ലെന്നും അധികൃതര്‍.
വിസ വിവരങ്ങൾ എമിറേറ്റ്സ് ഐ.ഡിയില്‍ പ്രത്യക്ഷത്തില്‍ കാണില്ലെങ്കിലും പാസ്പോര്‍ട്ട് റീഡര്‍ മുഖേന സ്വൈപ് ചെയ്യുമ്പോൾ വിവരങ്ങൾ ലഭ്യമാകും. വ്യക്തിയുടെ പേര്, ഫോട്ടോ, ജനന തീയതി, ഐ.ഡി നമ്പര്‍, ജോലി ചെയ്യുന്ന കമ്പനി, തസ്തിക, ഇഷ്യു ചെയ്ത സ്ഥലം, കാലപരിധി എന്നീ വിവരങ്ങളാണ് ഐ.ഡിയില്‍ ഉണ്ടാവുക. ഐ.ഡി കാര്‍ഡ് ഹാജരാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ താമസ വിസ വിവരങ്ങൾ ലഭ്യമാകാന്‍ ഐ.ഡി നമ്പരൊ പാസ്പോര്ട് നമ്പരൊ ഹാജരാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
കഴിഞ്ഞ മെയ് 11 മുതലാണ് ദുബായ് ഒഴികെയുളള യുഎഇയിലെ എമിറേറ്റുകളില്‍ വിസ പാസ്പോര്ട്ടില് പതിക്കുന്ന രീതി ഒഴിവാക്കിയത്. അതേസമയം അപേക്ഷകര്‍ക്ക് ഡിജിറ്റല്‍ വിസകോപ്പി ലഭിക്കുന്നതിന് ഈ മെയില്‍ വഴി ലഭ്യമാകും. വ്യക്തിഗത അക്കൗണ്ട് ഉപയോഗിച്ച് സ്മാര്‍ട്ട് ആപ്പ് വഴിയും ഡിജിറ്റല്‍ വിസകോപ്പി ലഭിക്കുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി.