ഡ്രൈവറില്ല വാഹന വികസനത്തിനായി ദുബായ് സംഘടിപ്പിച്ച മത്സരത്തിൽ പങ്കെടുത്തത് പത്ത് സ്ഥാപനങ്ങൾ. ദുബായ് ആതിഥ്യമരുളുന്ന സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ട് വേൾഡ് കോൺഗ്രസിൽ ഈ മാസം 26ന് ആണ് വിജയികളെ പ്രഖ്യാപിക്കുക.
യുകെ, ഈജിപ്ത്, ചൈന, ഫ്രാൻസ്, തായ്വാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികളാണ് മത്സരത്തിൻറെ അവസാന റൗണ്ടിൽ ഇടംപിടിച്ചത്. 23 ലക്ഷം ഡോളറാണ് വിജയികൾക്ക് ലഭിക്കുന്ന സമ്മാനത്തുക. ഇതിൽ 20 ലക്ഷം ഡോളർ സ്ഥാപനങ്ങൾക്കും, മൂന്ന് ലക്ഷം ഡോളർ ഗവേഷണ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമായിട്ട് നൽകും.
27 സ്ഥാപനങ്ങൾ രണ്ടു കാറ്റഗറികളിലായി ചലഞ്ചിന് മുന്നോട്ടു വന്നതായി ആർടിഎ അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ഇവരിൽ നിന്നാണ് പത്ത് സ്ഥാപനങ്ങളെ ഫൈനലിലേക്ക് തിരഞ്ഞെടുത്തത്. മൊത്തം വാഹനങ്ങളുടെ 25 ശതമാനം സ്വയം നിയന്ത്രിത വാഹനങ്ങളാക്കാനുളള ദുബായിയുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്.