എമിറേറ്റിലെ പാർക്കിങ് ഏരിയകളിൽ പുതുതായി 17,500 സൂചന ബോർഡുകൾ കൂടി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) സ്ഥാപിച്ചു. ഉപഭോക്താക്കൾക്ക് എളുപ്പത്തിലും വേഗത്തിലും പാർക്കിങ് ഫീസ് അടക്കാനുള്ള സൗകര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ആർ.ടി.എ അറിയിച്ചു.
ഓരോ ഇടങ്ങളിലും ഈടാക്കുന്ന പാർക്കിങ് ഫീസ് നിരക്കുകൾ, സേവനനം നൽകുന്ന സമയം, പണമടക്കാനുള്ള വിവിധ ഉപാധികൾ എന്നീ വിവരങ്ങളാണ് ബോർഡുകളിൽ രേഖപ്പെടുത്തിയിട്ടുള്ളത്. അടുത്തിടെ ആർ.ടി.എ പുറത്തുവിട്ട കണക്കുകൾപ്രകാരം 80 ശതമാനം ഉപഭോക്താക്കളും സ്മാർട്ട് ഫോൺ വഴിയും ടാബുകൾ വഴിയുമാണ് പാർക്കിംഗ് ഫീസ് അടയ്ക്കുന്നത്. ഇത് മനസ്സിലാക്കിയാണ് കൂടുതലിടങ്ങളിൽ സൈൻ ബോർഡുകൾ സ്ഥാപിക്കാൻ ആർ.ടി.എ തീരുമാനിച്ചത്. കൂടാതെ ഡ്രൈവർമാർക്ക് രാത്രിയിലും വ്യക്തമായി കാണാവുന്ന രീതിയിലുള്ള നാല് ക്യു.ആർ കോഡുകൾക്കൊപ്പം ഓരോ മേഖലയുടെയും കോഡുകളും സൂചനാ ബോർഡുകളിൽ ഉണ്ടാവും.
അതേസമയം ആർ.ടി.എയുടെ ആപ്പുള്ളവർക്കും വാട്സ്ആപ് ഉപഭോക്താക്കൾക്കും സ്കാൻ ചെയ്ത് പണമടക്കാനുള്ള സൗകര്യം കൂടി മുന്നിൽ കണ്ടാണ് ക്യു.ആർ കോഡുകൾ സജ്ജീകരിച്ചത്. ക്യു.ആർ കോഡ് സ്കാൻ ചെയ്ത് വാഹനത്തിന്റെ വിവരങ്ങളും പാർക്കിങ് കാലാവധിയും എന്റർ ചെയ്താൽ മൊബൈലിലേക്ക് കൺഫർമേഷൻ മെസേജ് വരും. ഇതിന് ശേഷം പണമടക്കാം. എന്നാൽ ആപ്പിൾ ഐഫോൺ ഉപഭോക്താക്കൾക്ക് ആപ് ഡൗൺലോഡ് ചെയ്യാതെ തന്നെ ഫോണിലെ പ്രത്യേക ഫീച്ചർ ഉപയോഗിച്ച് പണമടക്കാനുള്ള സൗകര്യവുമുണ്ട്. അതേസമയം ഡേറ്റ പാക്കേജുള്ള ഉപഭോക്താക്കൾക്ക് കൺഫർമേഷൻ എസ്.എം.എസ് ആവശ്യമില്ല.