ട്രാഫിക് നിയമം ലംഘിച്ചുവെന്നും പിഴ അടക്കണമെന്നും ആവശ്യപ്പെട്ട് ദുബായ് പോലീസിൽ നിന്നെന്ന രീതിയിൽ വ്യാജേസന്ദേശം അയച്ച് പണം തട്ടുന്നവർക്കെതിരെ മുന്നറിയിപ്പുമായി ദുബായ് പോലീസ്. തട്ടിപ്പ് നടത്തുന്നവർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജനങ്ങളോട് ദുബായ് പൊലീസ് ആവശ്യപ്പെട്ടു.
ദുബായ് പൊലീസിൽ നിന്നെന്ന വ്യാജേന ട്രാഫിക് നിയമം ലംഘിച്ചെന്ന് കാണിച്ച് മെയിലിലോ ഫോൺ വഴിയോ തട്ടിപ്പ് സംഘം സന്ദേശമയക്കും. സന്ദേശത്തിന് മുകളിൽ ദുബായ് പോലീസിന്റെ ലോഗോയും നൽകിയിട്ടുണ്ടാകും. ഈ ഇമെയിൽ ലഭിച്ച് 24 മണിക്കൂറിനുള്ളിൽ പിഴ അടക്കണമെന്നാണ് സന്ദേശത്തിൽ പറയുന്നത്. ഇല്ലെങ്കിൽ സാമ്പത്തിക പിഴകളോ നിയമനടപടികളോ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും നൽകും. അതോടൊപ്പം തന്നെ പേയ്മെന്റിനുള്ള ലിങ്കും ഉൾപ്പെടുത്തിയിട്ടുണ്ടാകും. പണം അടക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ബാങ്ക് വിവരങ്ങളടക്കമുള്ള കാര്യങ്ങൾ ചോദിക്കുകയും അതിന് പിന്നാലെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടുകയുമാണ് ചെയ്യുന്നത്.
അതിനാൽ ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങളിൽ വീഴരുതെന്നും ഇതിൽ വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്നും സ്വകാര്യ വിവരങ്ങൾ നൽകാനോ പണമടയ്ക്കാനോ പാടില്ലെന്നും ദുബായ് പൊലീസ് അറിയിച്ചു. തട്ടിപ്പ് നടന്നാൽ ഉടനടി പൊലീസിൽ വിവരം അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.