അന്താരാഷ്ട്ര മ്യൂസിയം ദിനം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി മെയ് 19ന് വെള്ളിയാഴ്ച ദുബായ് എക്‌സ്‌പോ സിറ്റിയിലെ എല്ലാ മുൻനിര പവലിയനുകളിലേക്കും സന്ദർശകർക്ക് സൗജന്യ പ്രവേശനം അനുവദിക്കും. ഈ വർഷത്തെ മ്യൂസിയം ദിനത്തിൻ്റെ പ്രമേയം അടിസ്ഥാനമാക്കിയുളള വിവിധ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനം.
‘മ്യൂസിയങ്ങൾ, സുസ്ഥിരത, ക്ഷേമം’ എന്ന പ്രമേയത്തിലാണ് പരിപാടികൾ നടക്കുക. എക്സ്പോ സിറ്റിയിലെ പ്രധാന ആകർഷണങ്ങൾക്കൊപ്പം പ്രത്യേകമായി ക്യൂറേറ്റ് ചെയ്ത വിദ്യാഭ്യാസ പരിപാടികളും സംഘടിപ്പിക്കും. അലിഫ് – ദി മൊബിലിറ്റി പവലിയൻ, ടെറ – ദ സസ്റ്റൈനബിലിറ്റി പവലിയൻ, ദി വിമൻസ് ആൻഡ് വിഷൻ പവലിയനുകൾ, കൂടാതെ മൂന്ന് നേഷൻസ് പവലിയനുകളിലും പ്രവേശനം സൌജന്യമാണ്.
എല്ലാ വർഷവും മെയ് 18 ന് ആചരിക്കുന്ന അന്താരാഷ്ട്ര മ്യൂസിയം ദിനത്തിന് ശേഷമുള്ള ദിവസമാണ് സൗജന്യ പ്രവേശനം അനുവദിക്കുക. അബുദാബി പരിസ്ഥിതി ഏജൻസിയുമായി സഹകരിച്ച് കാലാവസ്ഥാ കേന്ദ്രീകൃത സിനിമകളും പ്രദർശിപ്പിക്കും. കൂടാതെ വിജ്ഞാനപ്രദമായ ടൂറുകൾ, കഥപറച്ചിൽ സെഷനുകൾ, ഫിസിക്കൽ തിയറ്റർ വർക്ക്ഷോപ്പുകൾ, തുടങ്ങിയ പരിപാടികളാണ് ആഘോഷങ്ങളുടെ ഭാഗമായുളളത്.
1977 മുതൽ ഇൻ്റർനാഷണൽ കൗൺസിൽ ഓഫ് മ്യൂസിയംസിൻ്റെ നിർദ്ദേശാനുസരണമാണ് അന്താരാഷ്ട്ര മ്യൂസിയം ദിനം ആഘോഷിക്കുന്നത്. 2020 മുതൽ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് തീം നിശ്ചയിക്കുന്നത്. വിദ്യാഭ്യാസ പരിപാടികൾ, എക്സിബിഷനുകൾ, കമ്മ്യൂണിറ്റി ഔട്ട്റീച്ച്, ഗവേഷണം എന്നിവയിലൂടെ സുസ്ഥിരമായ ഭാവി രൂപപ്പെടുത്താൻ മ്യൂസിയങ്ങളുടെ പങ്ക് പ്രധാനമാണെന്നാണ് വിലയിരുത്തൽ.