ദുബായിൽ ഗാർഹിക തൊഴിലാളികളുടെ വിസ നടപടിക്രമങ്ങൾ ഓൺലൈനാകുന്നു. എല്ലാ ഗാർഹിക തൊഴിലാളി വിസ സേവനങ്ങളും ഇപ്പോൾ ‘ദുബായ് നൗ’ ആപ്പ് വഴി ആക്സസ് ചെയ്യാമെന്നാണ് അധികൃതർ അറിയിച്ചത്. നടപടികൾ ലളിതമാക്കുന്നതിന്റെയും ഇടപാടുകളുടെ സമയം ഗണ്യമായി കുറയ്ക്കുന്നതിന്റെയും ഭാഗമായാണ് തീരുമാനം.
ഹ്യൂമൻ റിസോഴ്‌സ് ആന്റ് എമിറേറ്റൈസേഷൻ മന്ത്രാലയവും (മൊഹ്‌രെ) ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സും (ജിഡിആർഎഫ്എ) ചേർന്ന് രൂപീകരിച്ച പദ്ധതിയാണ് ഈ ഏകീകൃത പ്ലാറ്റ്‌ഫോം. അപേക്ഷ പുതുക്കൽ, റസിഡൻസ് പെർമിറ്റ് റദ്ദാക്കൽ എന്നിവ ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾ ഇനി ഓൺലൈനായി പൂർത്തിയാക്കാൻ സാധിക്കും.
പുതിയ ‘ഗാർഹിക തൊഴിലാളി പാക്കേജ്’ വഴി ഇടപാടുകളിൽ ഉൾപ്പെട്ടിരിക്കുന്ന സേവന ചാനലുകളുടെ എണ്ണം നാലിൽ നിന്ന് ഒന്നായി വെട്ടിക്കുറയ്ക്കുകയും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ആവശ്യമായ നടപടികൾ 12ൽ നിന്ന് നാലായി കുറക്കുകയും ചെയ്തിരുന്നു. അതോടൊപ്പം സേവന കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനം എട്ടിൽ നിന്ന് രണ്ടായും പ്രോസസിഗ് സമയം 30-ൽ നിന്ന് അഞ്ച് ദിവസമായും ആവശ്യമായ ഡോക്യുമെൻ്റുകളുടെ എണ്ണം 10ൽ നിന്ന് വെറും നാലായും വെട്ടിക്കുറച്ചിരുന്നു.