വയനാട് മുണ്ടക്കൈ മണ്ണിടിച്ചിലിൽ ദുരിതബാധിതരായവർക്ക് സഹായഹസ്തവുമായി ഫാത്തിമ ഹെൽത്ത് കെയർ ഗ്രൂപ്പ് യുഎഇ ചെയർമാൻ ഡോ. കെ. പി. ഹുസൈൻ രംഗത്ത്. ഹെല്പിങ് ഹാൻസ് ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ച് ദുരന്തബാധിതർക്ക് 20 വീടുകൾ സംഭാവന ചെയ്യാനാണ് തീരുമാനം.
ഒന്നര ഏക്കർ സ്ഥലത്താണ് വീടുകൾ നിർമിച്ചു നൽകുക. കോഴിക്കോട് മെഡിക്കൽ കോളേജ് കെയർ ഹോം കേന്ദ്രമായുള്ള ഹെൽപ്പിംഗ് ഹാൻസ് ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ച് കവളപ്പാറയിലെ ദുരന്തബാധിതർക്കും ഡോക്ടർ കെ.പി ഹുസൈൻ വീടുകൾ നിർമ്മിച്ച് നൽകിയിരുന്നു. പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന വിഭാഗങ്ങൾക്ക് ജീവിതം പുനർ നിർമ്മിക്കാനുളള സഹായമാണ് എത്തിക്കുന്നതെന്ന് ഡോ. കെ.പി ഹുസൈൻ പറഞ്ഞു.
ഡോ. കെ.പി ഹുസൈൻ്റെ ക്ഷണം സ്വീകരിച്ച് ഇന്ത്യയിലെ അര ലക്ഷം ഇമാമുകളുടെ ചീഫ് ഇമാം ഡോ. ഇമാം ഉമർ അഹമ്മദ് ഇല്ല്യാസിയും കുടുംബവും കേരളത്തിലെത്തുകയും വയനാട് മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. ദുഃഖിതരായ കുടുംബങ്ങളെ ആശ്വാസിപ്പാക്കാനും സഹായം എത്തിക്കാനുമുളള ഡോ . ഇമാമിൻ്റെ ആഗ്രഹം കൂടിയായി സന്ദർശനം.